'പുഷ്പയെ കൊല്ലാതെവിട്ടതിൽ നിരാശ, ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല'; കുറ്റബോധമില്ലാതെ ചെന്താമര

ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ | Screengrab: Mathrubhumi News
ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ | Screengrab: Mathrubhumi News

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പോലീസിന് നല്‍കിയ പുതിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാളെ കൂടി കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായാണ് ചെന്താമര പോലീസിനോട് വെളിപ്പെടുത്തിയത്. അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുള്ളതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായും വിവരങ്ങളുണ്ട്. 

ചൊവ്വാഴ്ച ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും കൃത്യം നടത്തിയശേഷം ചെന്താമര രക്ഷപ്പെട്ട വഴികളിലുമാണ് തെളിവെടുപ്പ് നടന്നത്. ഇതിനുപിന്നാലെയാണ് ചെന്താമര പോലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നത്. 

തന്റെ കുടുംബം തകരാന്‍ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതിലും പുഷ്പയ്ക്ക് പങ്കുണ്ട്. അതിനാല്‍ പുഷ്പയെകൂടി കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. 

സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്താമരയുടെ മൊഴിയിലുണ്ട്. സുധാകരനെ ആക്രമിച്ചപ്പോള്‍ ലക്ഷ്മി ഓടിയെത്തി ബഹളംവെച്ചു. അവര്‍ പറഞ്ഞ ചില വാക്കുകള്‍ വേദനിപ്പിച്ചു. അതിനാലാണ് ലക്ഷ്മിയെ കൊന്നതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാല്‍, പോലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

ദൗത്യം നിറവേറ്റിയപോലെയാണ് ചെന്താമര സംസാരിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. തന്റെ ലക്ഷ്യം നിറവേറ്റിയെന്നരീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. യാതൊരു കുറ്റബോധവും ഇല്ലാത്ത പ്രതി, ശബ്ദം പോലും ഇടറാതെയാണ് മൊഴി നല്‍കിയതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. 

കനത്ത പോലീസ് സുരക്ഷയിൽ തെളിവെടുപ്പ്

ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയതെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. 

ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരാണ് പ്രദേശത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കിയിരുന്നു. വെട്ടുകത്തിയുമായി ഒളിച്ചിരുന്ന സ്ഥലം, കത്തി ഉപേക്ഷിച്ചസ്ഥലം എന്നിവ തെളിവെടുപ്പിനിടെ ചെന്താമര പോലീസിന് കാണിച്ചുനല്‍കി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് കാട്ടില്‍കയറിയതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു.

യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര കാര്യങ്ങളെല്ലാം പോലീസിന് മുന്നില്‍വിവരിച്ചത്. ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരേ ജനരോഷമുണ്ടായേക്കുമെന്ന് കരുതി നിരവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായി. 

തെളിവെടുപ്പ് നടപടികളെല്ലാം പോലീസ് ചിത്രീകരിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അതിനാല്‍ നാളെ വൈകീട്ടുതന്നെ ചെന്താമരയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. 

വകവരുത്തുമെന്ന് ചെന്താമര ആംഗ്യം കാണിച്ചെന്ന് അയല്‍വാസി...

തെളിവെടുപ്പിനിടെ വകവരുത്തുമെന്നരീതിയില്‍ ചെന്താമര ആംഗ്യം കാണിച്ചതായി അയല്‍വാസിയായ പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു. ''അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി'', പുഷ്പ പറഞ്ഞു. 

നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.

Content Highlights: palakkad nenmara double murder accused chenthamara statement