ഭാര്യയുടെ മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി ശ്വാസം മുട്ടിച്ചു; മരണം ഉറപ്പാക്കി, പിതാവിനെ വിളിച്ച് നാടകം കളിച്ച് ദീക്ഷിത്ത്

പ്രതി ദീക്ഷിത്ത്, കൊല്ലപ്പെട്ട വെെഷ്ണവി| Photo: Special arrangement
പ്രതി ദീക്ഷിത്ത്, കൊല്ലപ്പെട്ട വെെഷ്ണവി| Photo: Special arrangement

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ വകുപ്പുകളും കേസ് ചുമത്തിയിട്ടുണ്ട്.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി മരിച്ച സംഭവത്തിലാണ് കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവി(26)യെ കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം സ്വാഭാവികമരണമായി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. അതിനായി വൈഷ്ണവിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും അവശനിലയിലാണെന്നും പറഞ്ഞ് ദീക്ഷിത്ത് വൈഷ്ണവിയുടെ പിതാവിനെ വിവരമറിയിച്ചു. 

വൈഷ്ണവിയുടെ മാതാപിതാക്കൾ സ്ഥലത്തെത്തി മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന ഭര്‍ത്താവാണ് താനെന്ന് ചിത്രീകരിക്കാനുള്ള ശ്രമവും ദീക്ഷിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിച്ചു.

പോസ്റ്റ്‌മോര്‍ട്ടം കെണിയൊരുക്കി

വൈഷ്ണവിയുടെ മരണം സ്വാഭാവികമാണെന്ന് ദീക്ഷിത്ത് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും തുടക്കംമുതലേ പോലീസിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയുമായി പോലീസ് ശനിയാഴ്ച വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി. വൈകീട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

സംശയത്തിന്റെ പേരില്‍ അരുംകൊല

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം. കല്യാണം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നത് ആര്‍ക്കുമറിയില്ല. 

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന്‌ പ്രതി പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചത്. മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്നാണ്‌ പോലീസ് പറയുന്നത്.

Content Highlights: Palakkad: Husband arrested for suffocating his wife to death. Police suspect marital dispute and infidelity as motives. Investigation underway, Deekshith, Deekshit, Vaishnavi Murder