സംഘർഷത്തിന് പിന്നാലെ ഹൃദയാഘാതം മൂലം 76-കാരൻ മരിച്ച സംഭവം; മരുമകൻ അറസ്റ്റിൽ

പാലാ: വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരൻ (76) മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. സുകുമാരന്റെ മകൾ അശ്വതിയുടെ ഭർത്താവ് ഇടമുള വടക്കേട്ട് അഖിൽ (34)ആണ് പിടിയിലായത്.
മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരുമകൻ അഖിലുമായി ഉണ്ടായ പിടിവലിക്കിടയിൽ സുകുമാരന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത 105ാം വകുപ്പ് പ്രകാരം കൊലപാതകമായി കണക്കാക്കാനാകാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ബഹളം കേട്ടതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ബുധനാഴ്ച പുലർച്ചെ സുകുമാരനെ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ പാലാ ജനറലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുകുമാരൻ പട്ടികയുമായി ആക്രമിക്കാൻ വന്നപ്പോൾ തള്ളിമാറ്റിയെന്നാണ് അഖിൽ പോലീസിന് നൽകിയ മൊഴി. തുടർന്നുണ്ടായ വീഴ്ചയും പരിക്കുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന സാഹചര്യവും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തെളിവുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പാലാ പോലീസ് പറഞ്ഞു. പാലാ സി.ഐ. എം.ഡി. അഭിലാഷ്,എസ്.ഐ.ടോമിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
Content Highlights: Sukumar (76) found unconscious in his courtyard and later passed away., Post-mortem report confirmed death due to cardiac arrest following a physical struggle., Son-in-law Akhil (34) arrested under BNS section 105 for culpable homicide not amounting to murder., Police investigation triggered by locals' suspicion and neighbor testimonies of a late-night altercation.