MDMA കടത്ത് കുടുംബ ബിസിനസ്, പേര് തുണിക്കച്ചവടം; അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുന്നിൽ വെച്ചാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരായ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിന്റെ വനിതാ സുഹൃത്തും തിരുനൽവേലി സ്വദേശിനിയുമായ സന്ധ്യ (18), കിരണിന്റെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് എ.എസ്. (26) എന്നിവരാണ് അറസ്റ്റിലായത്.
കെഎൽ40ബി9192 നമ്പറിലുള്ള മഹീന്ദ്ര സൈലോ കാറിൽ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ പതിവായി എംഡിഎംഎ കടത്തുന്നു എന്ന വിവരം എക്സൈസിന് ലഭിച്ചതിനെ തുടർന്ന് നിരന്തരമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.
തുണികച്ചവടമാണ് എന്ന് തോന്നിക്കുന്ന തരത്തിൽ കുറച്ച് വസ്ത്രങ്ങൾ കൂടെ സംഘം വാങ്ങിക്കും. തുടർന്ന് കുടുംബമാണ് യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കുന്നവരെ ധരിപ്പിച്ചാണ് ഇവർ ഇത്തരത്തിൽ എംഡിഎംഎ കടത്തിയിരുന്നത്. വാഹനത്തിലെ സ്റ്റീരിയോ സിസ്റ്റത്തിന്റെ ഉള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.
മയക്കുമരുന്ന് കടത്താൻ സ്വന്തം അമ്മ തന്നെ കൂട്ടുനിന്നുവെന്നത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. എട്ട് വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ കിരണിന് ഒരു മകളുണ്ട്. രണ്ടുവർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് കിരൺ ജീവിക്കുന്നത്. എന്നാൽ മകൾ കിരണിനൊപ്പമാണ്. മയക്കുമരുന്ന് കടത്തിയ വാഹനത്തിൽ എട്ടുവയസുകാരിയായ മകളും ഉണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ച് കുട്ടിയെ അവർക്കൊപ്പം വിട്ടയച്ചു.
കിരണിന്റെ അമ്മയുടെ ഫോൺ വഴിയാണ് ലഹരി കച്ചവടത്തിന്റെ ഇടപാടുകൾ നടത്തിയതെന്ന് ഫോണുകൾ പരിശോധിച്ചതിലൂടെ എക്സൈസ് കണ്ടെത്തി. നാല് പ്രതികളുടേയും ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയ 10,500 രൂപയും തൊണ്ടിയായി പിടിച്ചെടുത്തു. വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎംഎയാണ് കണ്ടെടുത്തത് എന്നതിനാൽ എക്സൈസ് ഉന്നതോദ്യോഗസ്ഥരാണ് കേസിന്റെ തുടരന്വേഷണം നടത്തുക. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ. മനോജ് സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്, ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്, കൃഷ്ണകുമാർ, അജയൻ, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, രാജൻ, ഗോകുൽ, വിനോദ്, രാജേഷ് പി. രാജൻ, അക്ഷയ്, ബിനോജ്, അഭിജിത്ത്, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത, സജിത, ആര്യാ കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Content Highlights: Under 'Operation Thunder', Excise officers in Thiruvananthapuram arrested a mother-son duo and two associates with 125 grams of MDMA smuggled from Bengaluru in a Mahindra Xylo, concealed inside a car stereo system.