ഓപ്പറേഷന്‍ പി-ഹണ്ടില്‍ പിടിച്ചെടുത്ത ഫോണില്‍ തിരിമറി; എസ്.ഐ. അറസ്റ്റില്‍

പരവൂര്‍: ഓപ്പറേഷന്‍ പി-ഹണ്ട് പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കാണാതായ സംഭവത്തില്‍ എസ്.ഐ. യെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മയ്യനാട് സ്വദേശി ഷൂജയെയാണ് അറസ്റ്റ് ചെയ്തത്. അന്ന് പരവൂര്‍ സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന ഷൂജയെ സംഭവത്തിനുശേഷം നെടുമങ്ങാട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൊല്ലത്ത് ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മോഷണക്കേസില്‍ പ്രതിയായ മറ്റൊരു യുവാവും ഈ സംഭവത്തില്‍ പ്രതിയാണ്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് എസ്.ഐ. യുടെ പങ്ക് പുറത്തുവന്നത്. കാണാതായ ഫോണും യുവാവില്‍നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ഫോണ്‍ തിരിമറി നടന്നത്. തെക്കുംഭാഗം സ്വദേശിയായ യുവാവ് അശ്ലീല വീഡിയോകള്‍ പലര്‍ക്കും അയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം സൈബര്‍ സെല്‍ പരവൂര്‍ പോലീസിന് വിവരം കൈമാറി. പോലീസ് ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ ഇത് വനിതാ പോലീസ് ഓഫീസറുടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. പരിശോധനയ്ക്ക് അനുമതി തേടി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പിടിച്ചെടുത്ത ഫോണല്ലെന്നു കണ്ടെത്തിയത്. സംഭവം വിവാദവും പോലീസിന് നാണക്കേടുമായി. ഫോണ്‍ സ്റ്റേഷനില്‍നിന്ന് മോഷണംപോയതായി ഇന്‍സ്‌പെക്ടര്‍ പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഫോണ്‍ സൂക്ഷിച്ചിരുന്ന വനിതാ ഓഫീസറെയും സ്റ്റേഷനില്‍നിന്ന് സ്ഥലം മാറ്റിയിരുന്നു.
ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരനാണ് ഫോണ്‍ മാറ്റിയ വിവരം ആദ്യം കണ്ടെത്തിയത്. ഫോണ്‍ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂറിനകം ഫൊറന്‍സിക് പരിശോധനയ്ക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ നാലുദിവസത്തിനുശേഷമാണ് കോടതിയെ സമീപിച്ചത്.
പി-ഹണ്ട് പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത ഫോണിനു പകരം പരവൂര്‍ കോടതിയില്‍ ഹാജരാക്കിയത് ആത്മഹത്യചെയ്ത യുവാവിന്റെ ഫോണാണെന്നു സൂചനയുണ്ട്. പരവൂര്‍ ആയിരവില്ലിയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ ഫോണാണെന്നാണ് സംശയം. യുവാവിന്റെ ബന്ധുക്കള്‍ പലതവണ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ കേസ് കൈകാര്യം ചെയ്തതും ഗ്രേഡ് എസ്.ഐ. ആയിരുന്ന ഷൂജയാണ്.
Content Highlights: operation p hunt phone missing si arrested in kollam paravur