ഓണ്‍ലൈന്‍ തട്ടിപ്പ്: കോട്ടയത്തെ റിട്ട. ബാങ്ക് ജീവനക്കാരിക്ക് നഷ്ടമായത് 66 ലക്ഷം രൂപ

തലയോലപ്പറമ്പ്(കോട്ടയം): വൈക്കത്ത് ഓണ്‍ലൈനായി റിട്ട. ബാങ്ക് ജീവനക്കാരിയുടെ 66 ലക്ഷം രൂപ കവര്‍ന്നു. വടയാര്‍ പൂതപുരം വാടത്തറയില്‍ വീട്ടില്‍ വി.കെ. സതിയുടെ പണമാണ് നഷ്ടപ്പെട്ടത്. തലയോലപ്പറമ്പ് പള്ളിക്കവല എസ്ബിഐ ബ്രാഞ്ചില്‍നിന്ന് കാഷ് ഇന്‍-ചാര്‍ജായി റിട്ടയര്‍ ചെയ്തതാണ് വി.കെ.സതി. വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച തുകയാണ് നഷ്ടമായത്.
നവംബര്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. സതിയുടെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് മുംെബെ കനറാ ബാങ്കില്‍ നരേഷ് ഗോയല്‍ എന്നയാള്‍ മണി ലോണ്ടറിങ് നടത്തിയെന്ന് ഫോണില്‍ വിളിച്ചുപറഞ്ഞു. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും സതിക്ക് അറസ്റ്റുവാറണ്ട് ഉണ്ടെന്നും പറഞ്ഞ് മുംബൈ പോലീസ് എന്നവകാശപ്പെട്ട് വിവിധ നമ്പരുകളില്‍നിന്ന് വിളിച്ചു. വീഡിയോകോളും ചെയ്തു. സതിയുടെ എസ്ബിഐ ബാങ്കിലുള്ള പണം നിയമവിരുദ്ധമായി സമ്പാദിച്ചതല്ലെന്ന് തെളിയിക്കാന്‍ അവര്‍ നല്‍കിയ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
66 ലക്ഷം കൈപ്പറ്റിയശേഷം ഇതിന്റെ സ്ലിപ്പ് വാട്‌സ് ആപ് വഴി പ്രതികള്‍ സതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് ഡല്‍ഹി സിബിഐക്ക് കൈമാറിയെന്നുപറഞ്ഞ് മറ്റൊരാള്‍ വിളിച്ചു. മറ്റൊരു സേവിങ്‌സ് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച് അതിലെ പണവും അവര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ പറഞ്ഞു. ഈ തുകയും നല്‍കിയശേഷം തട്ടിപ്പുകാരില്‍നിന്ന് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സതി പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Retired bank employee in Vaikom, Kerala, falls victim to an elaborate online scam, losing ₹66 lakhs. Learn how the fraudsters operated and how to protect yourself.