ഫേസ്ബുക്ക് പേജിൽകൂടി ഡ്രോൺ ഓർഡർ ചെയ്തു; കിട്ടിയത് രണ്ടുകുപ്പി വെള്ളം

ഒറ്റപ്പാലം: ഓൺലൈനായി ഡ്രോൺ ഓർഡർചെയ്ത യുവാവിന് ലഭിച്ചത് രണ്ടുബോട്ടിൽ കുപ്പിവെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. 2,200 രൂപയും നഷ്ടമായി. ഇൻഡോ ഗാഡ്‌ജറ്റ്സ് എന്ന ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് പനമണ്ണ സ്വദേശി ഡ്രോൺക്യാമറ ഓർഡർ ചെയ്യുന്നത്. കൊറിയർചാർജ് അടക്കം 2,200 രൂപയായിരുന്നു വില.
ഫേസ് ബുക്കിലെ ലിങ്കിൽ തൊട്ടതും വാട്‌സ്‌ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട അഡ്രസും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വന്നു. അതിെല ക്യുആർ കോഡ് സ്‌കാൻ ചെയ്ത് 200 രൂപ മുൻകൂറായി അടച്ചു. മൂന്നുദിവസത്തിനുള്ളിൽ വീട്ടിലെത്തിയ കൊറിയർ 2,000 രൂപയടച്ച് വാങ്ങി. കടലാസ് ബോക്‌സിൽ ലഭിച്ച പായ്ക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്.
ഡ്രോണിനുപകരം പേപ്പറുകൾക്കുള്ളിൽ ഭദ്രമായി വെച്ച നിലയിലായിരുന്നു കുപ്പിവെള്ളം. തുടർന്ന്, യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതിനൽകി. ആധികാരികമല്ലാത്ത സൈറ്റുകളിൽ നിന്നും പരസ്യ ലിങ്കുകളിൽനിന്നും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ജാഗ്രതപുലർത്തണമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Victim ordered a drone via a Facebook ad from 'Indo Gadgets'., Total loss of ₹2,200 including advance and courier charges., Received water bottles instead of the product., Official police complaint filed in Ottapalam., Warning issued against clicking unverified social media links.