കൊല്ലപ്പെട്ടത് നാട്ടുകാർക്ക് സുപരിചിതനായ ഇതരസംസ്ഥാന തൊഴിലാളി, ഞെട്ടൽ; പ്രതി ശല്യക്കാരൻ, വഴക്ക് പതിവ്

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട ഇന്ദർ ബദ്ര, പ്രതി പദ്‌ലം ഗദാബ
കൊല്ലപ്പെട്ട ഇന്ദർ ബദ്ര, പ്രതി പദ്‌ലം ഗദാബ

വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡിഷ കൊരാപുത്ത്, കോട്ടപാട സ്വദേശി ഇന്ദർ ബദ്ര(48)യാണ് മരിച്ചത്. ഇയാൾ താമസിക്കുന്ന സ്വകാര്യകെട്ടിടത്തിന്റെ ടെറസിനു മുകളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒഡിഷ ബദ്ര ഹദിയ സ്വദേശി പദ്ലം ഗദാബ(36)യെ അറസ്റ്റുചെയ്തു.

പൊതുവേ ശല്യക്കാരനായ പ്രതി പലപ്പോഴും മുറിയിലുള്ളവരുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് കൂടെയുള്ളവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി പ്രതി ഇന്ദർ ബദ്രയുമായി വഴക്കുണ്ടാക്കിയിരുന്നതായും ഇവർ പറഞ്ഞു. പ്രതി പുലർച്ചെ കൂടെ മുറിയിലുണ്ടായിരുന്നവരെ വിളിച്ച് താൻ ഇന്ദർ ബദ്രയെ കൊലപ്പെടുത്തിയതായി അറിയിച്ചു. ഇതേത്തുടർന്ന് മറ്റുള്ളവർ ഇന്ദർ ബദ്ര സാധാരണ കിടന്നുറങ്ങാറുള്ള സ്ഥലത്ത് പോയിനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ കൂട്ടുകാർ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വേങ്ങര പോലീസ് മൊബൈൽ ലൊക്കേഷൻ നോക്കി വേങ്ങര അങ്ങാടിയിൽനിന്നാണ് ബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിനുപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്.എച്ച്.ഒ. പ്രജീഷ്, എസ്.ഐ. രഞ്ജിത്ത്, എസ്.എച്ച്.ഒ.മാരായ ഗണേശൻ, ലിബിൻ എന്നിവർ അന്വേഷണത്തിന് നേതൃത്വംനൽകി. മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധന നടത്തി ഒഡിഷയിലേക്ക് കൊണ്ടുപോയി. ഭാര്യ: ലളിത ബത്ര. മക്കൾ: പുഷ്പ, സംവിത.

ഇന്ദർ ബദ്ര നാട്ടുകാർക്കും പ്രിയപ്പെട്ടവൻ

എ.ആർ. നഗർ: അതിഥിത്തൊഴിലാളി ഇന്ദർ ബദ്രയുടെ കൊലപാതകം നാട്ടുകാരെ നടുക്കി. ഏഴുവർഷത്തിലധികമായി എ.ആർ. നഗറിലുള്ള ഇന്ദർ ബദ്ര മലയാളികളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നയാളാണ്. ഇതര സംസ്ഥാനത്തൊഴിലാളികളിൽനിന്ന് വ്യത്യസ്തനായി മലയാളികളുമായി ഇടപഴകുന്നയാളാണിദ്ദേഹം. നാട്ടുകാർക്കും കച്ചവടക്കാർക്കും സുപരിചിതനാണിദ്ദേഹം. ഇയാളുടെ മരണവിവരമറിഞ്ഞയുടനെ നൂറുകണക്കിനാളുകളാണ് കൊലപാതകം നടന്ന പാട്ടശ്ശേരി മുഹമ്മദിന്റെ ക്വാർട്ടേഴ്സിനടുത്തെത്തിയത്.

Content Highlights: 48-year-old Indar Badra from Odisha found dead on a terrace in AR Nagar, Vengara., Suspect Padlam Gadaba (36) arrested by Vengara police while attempting to flee., The murder weapon, a hammer, has been recovered by authorities., The incident occurred following a dispute between the two migrant workers., Vengara police utilized mobile location tracking to apprehend the suspect swiftly.