പൊള്ളലേറ്റ് 15 കാരി മരിച്ചു; അജ്ഞാതര്‍ തീകൊളുത്തിയതെന്ന് രക്ഷിതാക്കള്‍, പോലീസിന്റെ വാദം മറ്റൊന്ന്

ന്യൂഡൽഹി: ഒഡീഷയിലെ പുരി ജില്ലയില്‍ അജ്ഞാതരായ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയെന്ന കേസിലെ ഇരയായ 15 വയസ്സുകാരി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടി മരിച്ച വിവരം ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ശനിയാഴ്ച സ്ഥിരീകരിച്ചു. ജൂലൈ 19 നാണ് സംഭവം നടന്നത്. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പിപിലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നല്‍കിയ ശേഷം പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ 20 ന്, വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ തകരാറിലായതാണ് മരണകാരണം.
'ബലംഗ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും ഡല്‍ഹി എയിംസിലെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മുഴുവന്‍ സമയ പരിശ്രമങ്ങളും ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല,' മുഖ്യമന്ത്രി മാഝി ട്വീറ്റ് ചെയ്തു.
മൂന്ന് അജ്ഞാതര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയെന്ന് അമ്മയാണ് മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഭാര്‍ഗവി നദിയുടെ തീരത്താണ് സംഭവം നടന്നതെന്നും ഇവർ പറയുന്നു. തങ്ങളുടെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും പ്രതികളെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നും പിതാവ് അഭ്യര്‍ഥിച്ചു.
അതേ സമയം സംഭവത്തിൽ ആരും ഉൾപ്പെട്ടിട്ടില്ലെന്ന ഒഡീഷ പോലീസിന്റെ കണ്ടെത്തൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
"ബലംഗ സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണം അവസാന ഘട്ടത്തിലെത്തി. ഇതുവരെ നടത്തിയ അന്വേഷണമനുസരിച്ച്, മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു," ഒഡീഷ പോലീസ് എക്‌സിൽ കുറിച്ചു.
Content Highlights: Odisha girl, set ablaze , dies in Delhi AIIMS; Police says no indication of involvement by any other