ശ്മശാനത്തിൽനിന്ന് മൃതദേഹങ്ങൾ കാണാതാകുന്നത് തുടർക്കഥ; ഇത്തവണ അപ്രത്യക്ഷമായത് 5 മൃതദേഹങ്ങൾ; അന്വേഷണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഭുവനേശ്വർ: ഒഡിഷയിലെ ശ്മശാനത്തിൽനിന്ന് അഞ്ച് മൃതദേഹങ്ങൾ കാണാതായെന്ന് പരാതി. ഭദ്രക് ജില്ലയിലെ മണിനാഥ്പുർ ഗ്രാമത്തിലെ ശ്മശാനത്തിൽനിന്നാണ് സംസ്‌കാരം നടത്തിയ അഞ്ച് മൃതദേഹങ്ങൾ കാണാതായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഗ്രാമത്തിലെ ശ്മശാനത്തിൽനിന്ന് അഞ്ചുപേരുടെ മൃതദേഹങ്ങൾ കാണാതായെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പോലീസിനെ സമീപിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ കാണാതായതെന്നും നാട്ടുകാർ പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് ശ്മശാനത്തിൽനിന്ന് അപ്രത്യക്ഷമായതെന്ന് പോലീസും പറഞ്ഞു.

അതേസമയം, ഇത്തരത്തിൽ മൃതദേഹങ്ങൾ കാണാതാകുന്നത് ഗ്രാമത്തിലെ ആദ്യ സംഭവമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ ഇത്തരം സംഭവങ്ങളുണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.

2016-ൽ ശ്മശാനത്തിൽ സംസ്‌കരിച്ച ഒരു കുട്ടിയുടെ മൃതദേഹം കുഴിച്ചെടുത്തനിലയിൽ കണ്ടെത്തിയിരുന്നു. അതേവർഷം തന്നെ മറ്റൊരു മൃതദേഹവും കുഴിയിൽനിന്ന് പുറത്തെടുത്തനിലയിൽ കണ്ടെത്തി. 2017-ലും സമാനമായരീതിയിൽ രണ്ടുസംഭവങ്ങളുണ്ടായി. 2023-ൽ മൂന്ന് മൃതദേഹങ്ങളാണ് ശ്മശാനത്തിൽനിന്ന് കാണാതായത്. 2025 ഏപ്രിലിൽ ഒരു സ്ത്രീയുടെ മൃതദേഹവും കാണാതായി. സംസ്‌കാരം കഴിഞ്ഞ് പത്താംദിവസം മകൻ ശ്മശാനത്തിൽ എത്തിയപ്പോഴാണ് കുഴിമാടം തകർത്ത് മൃതദേഹം കടത്തിയതായി കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. ഏകദേശം 200 മീറ്റർ അകലെയായി അഴുകിയ മൃതദേഹാവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ കഷണങ്ങളും കണ്ടെത്തി അതേസമയം, അന്നും പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണമൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ദുർമന്ത്രവാദത്തിനോ ശാസ്ത്രീയ പരീക്ഷണങ്ങൾക്കോ വേണ്ടിയാകും ശ്മശാനത്തിൽനിന്ന് മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം.

Content Highlights: Five bodies have gone missing from a crematorium in Bhadrak district, Odisha. Police are investigating this alarming incident, which has a history of similar occurrences.