കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തി; യുവാവിനും കാമുകിക്കും ജീവപര്യന്തം

കൊല്ലപ്പെട്ട അമ്പിളി, പ്രതികളായ സുനില്‍കുമാറും ശ്രീലതയും
കൊല്ലപ്പെട്ട അമ്പിളി, പ്രതികളായ സുനില്‍കുമാറും ശ്രീലതയും

മാവേലിക്കര (ആലപ്പുഴ): കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും കൊലപാതകത്തിനു പ്രേരിപ്പിച്ച കാമുകിക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. നൂറനാട് മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ആദര്‍ശ് ഭവനില്‍ അമ്പിളി (38) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാര്‍ (46), മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ശ്രീരാഗം വീട്ടില്‍ ശ്രീലത (53) എന്നിവരെ ശിക്ഷിച്ചാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായത്.

പിഴത്തുകയായ ലക്ഷം രൂപയില്‍ 50,000 രൂപ വീതം അമ്പിളിയുടെയും സുനില്‍കുമാറിന്റെയും രണ്ടു മക്കള്‍ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം വീതം അധികത്തടവ് അനുഭവിക്കണം. കുട്ടികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

2018 മേയ് 27-നാണ് അമ്പിളിയെ വീട്ടില്‍ തൂങ്ങിയനിലയില്‍ കണ്ടത്. നാട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴുത്തില്‍ കയര്‍ കുരുങ്ങിയതിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. അമ്പിളിയെ ഒഴിവാക്കിയാല്‍ ഒരുമിച്ചു ജീവിക്കാമെന്ന ശ്രീലതയുടെ വാഗ്ദാനത്തെത്തുടര്‍ന്നാണ് പ്രതി കൊല നടത്തിയതെന്നു കണ്ടെത്തിയതിനാല്‍ ശ്രീലതയ്‌ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി.

നൂറനാട് എസ്ഐ ആയിരുന്ന വി. ബിജുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. സന്തോഷ് കുമാര്‍ ഹാജരായി.

അനുകൂലമായത് സാഹചര്യത്തെളിവുകൾ

കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ നൂറനാട് മറ്റപ്പള്ളി ഉളവക്കാട്ടുമുറിയിൽ ആദർശ് ഭവനത്തിൽ സുനിൽകുമാറി (46)നെ കുടുക്കിയതും തക്കതായ ശിക്ഷ വാങ്ങിക്കൊടുത്തതും പോലീസിന്റെ പഴുതടച്ച അന്വേഷണം. ശാസ്ത്രീയ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് പോലീസിനു പിടിവള്ളിയായത്.

സുനിൽകുമാറിന്റെ ഭാര്യ അമ്പിളി (38) വീടിനുള്ളിൽ തൂങ്ങിനിൽക്കുന്നതായി സുനിൽകുമാർ തന്നെയാണ് അയൽവാസികളെ അറിയിച്ചത്. എല്ലാവരുംചേർന്ന് അടൂർ ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് നൂറനാട് പോലീസ് അടൂരിലെ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യയുടെ മൃതദേഹത്തിനരികിൽനിന്ന് ശീതളപാനീയം കുടിക്കുന്ന സുനിൽകുമാറിനെയാണ് കണ്ടത്. അന്നുമുതൽ ഇയാൾ പോലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞെത്തിച്ച അമ്പിളിയുടെ മൃതദേഹംകണ്ട് തിരികെ സ്റ്റേഷനിലേക്കു പോകുംവഴി സുനിൽ കഴിക്കാൻ ബിരിയാണി വേണമെന്നാവശ്യപ്പെട്ടതും അസാധാരണമായി. സ്ഥലത്തെത്തിയ പോലീസിനോട് നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ പോലീസ് സർജൻ ഡോ. കൃഷ്ണനും കൊലപാതകസാധ്യതയിലേക്കുള്ള സൂചന നൽകി. സംശയം ദുരീകരിക്കാൻ ഡോക്ടർ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയിരുന്ന രീതിയും സംശയത്തിനിട നൽകി. സാധാരണ ആത്മഹത്യചെയ്യുമ്പോൾ വീഴുന്ന രീതിയിലെ കരുക്കല്ലായിരുന്നു മൃതദേഹത്തിൽ കണ്ടത്. മരംവെട്ടുതൊഴിലാളികൾ തടികെട്ടിവെക്കുന്ന രീതിയിലാണ് അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയിരുന്നത്.

സുനിൽ മരംമുറിക്കാൻ പോകാറുണ്ടായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതേത്തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ കരുനാഗപ്പള്ളി ഇൻസ്പെക്ടറുമായ വി. ബിജു പറഞ്ഞു.

അമ്പിളിയെ കൊലപ്പെടുത്താൻ നേരത്തേയും ശ്രമം

മാവേലിക്കര: അമ്പിളിയെ കൊലപ്പെടുത്താൻ സുനിലും ശ്രീലതയും ചേർന്ന് മുൻപും ശ്രമിച്ചതായി സാക്ഷിമൊഴികളിൽ ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ്‌കുമാർ പറഞ്ഞു. 37 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. രണ്ട്, മൂന്ന്, അഞ്ച്, 12, 13 സാക്ഷികളുടെ മൊഴികളാണ് നിർണായകമായത്. അമ്പിളിയെ മുറ്റത്തിട്ടു മർദിച്ചശേഷം സുനിൽ എടുത്തുകൊണ്ട് അടുക്കള വാതിൽവഴി വീടിനുള്ളിലേക്കു പോകുന്നതുകണ്ടെന്ന്‌ അയൽവാസി സോമനും ഭാര്യ വിജയമ്മയും മൊഴി നൽകി.

സാരി കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചതായി അമ്പിളി പറഞ്ഞിട്ടുണ്ടെന്ന അഞ്ചാം സാക്ഷി ഗീതാ രാജന്റെ മൊഴിയും നിർണായകമായി.സംഭവം നടന്നശേഷം ശ്രീലത ധൃതിയിൽ വീടുപൂട്ടി ഒളിവിൽപ്പോയെന്ന് 12, 13 സാക്ഷികളായ പ്രമോദും ഭാര്യ ബിന്ദുവും മൊഴി നൽകിയിരുന്നു. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം എന്നെങ്കിലും പുറത്തുവരും എന്നതിന്റെ തെളിവാണ് അമ്പിളി വധക്കേസ് വിധിയെന്നും പി.വി. സന്തോഷ്‌കുമാർ പറഞ്ഞു.

Content Highlights: nooranad ambili murder case husband and lover gets life term