ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിലുള്ള വൈരാഗ്യം; നടുറോഡിൽ യുവാവിനെ ഥാര്‍ ഉപയോഗിച്ച് ഇടിച്ചുതെറിപ്പിച്ചു

നോയിഡ: നടുറോഡില്‍ യുവാവിനെ ഇടിച്ചുതെറിപ്പിക്കുന്ന ഒരു ഥാര്‍ എസ്‌യുവിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 53-ലാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമിലെ കമന്റിന്റിന്റെ പേരിലുണ്ടായ തര്‍ക്കമാണ് നടുറോഡില്‍ കയ്യാങ്കളിയിലേക്കും പിന്നീട് വാഹനം ഇടിപ്പിക്കുന്നതിലേക്കും കടന്നതെന്ന് നോയിഡ പോലീസ് പറയുന്നു.
കാറുപയോഗിച്ച് ഇടിച്ചയാളും ഇടി കൊണ്ടയാളും പരസ്പരം അറിയാവുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ കമന്റിടുന്നതുമായി ബന്ധപ്പെട്ട് ഈ രണ്ട് കൂട്ടരും നോയിഡ സെക്ഷന്‍-24-ലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവദിവസം കമന്റുകളുടെ പേരുംപറഞ്ഞ് ഇരുകൂട്ടരും വീണ്ടും തല്ലുണ്ടായി. കമന്റുബോക്‌സില്‍ തുടങ്ങിയ തല്ല് അങ്ങനെ നടുറോഡിലെത്തി.
ഇരുകൂട്ടരും തമ്മില്‍ റോഡില്‍ പൊരിഞ്ഞ വാഗ്വാദവും തമ്മില്‍തല്ലും നടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനുശേഷമാണ് വാഹനം ഉപയോഗിച്ച് ഇടിച്ചിടുന്ന സ്ഥിതിയിലേക്ക് എത്തിയത്. രക്തം ഒലിപ്പിച്ച് കീറിയ ഉടുപ്പുമിട്ട് നടന്നുവരുന്ന ഒരാളെയാണ് വൈറലായ ദൃശ്യങ്ങളില്‍ കാണാനാവുക. പിന്നാലെ ഒരു കറുത്ത താര്‍ എസ്‌യുവി വേഗത്തിലെത്തി ഇയാളെ ഇടിച്ച് റോഡരികിലെ ഓടയില്‍ തള്ളുകയായിരുന്നു.
അപകടത്തിന് തൊട്ടുപിന്നാലെ ഇയാള്‍ വാഹനം വേഗത്തിലോടിച്ച് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സെക്ടര്‍ 24 പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ അപകടകരമായ ഡ്രൈവിങ്, അപായപ്പെടുത്തല്‍, അപായപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതായി നോയിഡ എഡിസിപി സുമിത് കുമാര്‍ ശുക്ല പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇയാള്‍ നടുവിട്ടതായാണ് വിവരം. ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളതായും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും എഡിസിപി ശുക്ല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ബോധംപോയി ഓടയില്‍ക്കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍ റോഡിലെ കയ്യാങ്കളിയിലേക്ക് നീളുന്നത് അനുവദിക്കാനാവില്ലെന്നും എഡിസിപി ശുക്ല വ്യക്തമാക്കി.
Content Highlights: noida road rage suv rams man over instagram comment dispute viral video crime news