നല്ലവരുമാനവും സമ്പാദ്യവുമുള്ള ഭാര്യയ്ക്ക് ഇടക്കാല ജീവനാംശത്തിന് അര്‍ഹതയില്ല- മദ്രാസ് ഹൈക്കോടതി

ചെന്നൈ: നല്ലവരുമാനവും സമ്പാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്പോള്‍ ഭര്‍ത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളിക്ക് സാമാന്യം നല്ലരീതിയില്‍ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഹിന്ദുവിവാഹനിയമത്തില്‍ ജീവനാംശം നല്‍കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് പി.ബി. ബാലാജി ചൂണ്ടിക്കാണിച്ചു.
വിവാഹമോചനക്കേസില്‍ തീര്‍പ്പുണ്ടാകുംവരെ ഭാര്യക്കും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മകനും മാസം 30,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഒരു കമ്പനിയുടെ ഡയറക്ടറായ ഭാര്യക്ക് നല്ല തുക ഡിവിഡന്‍ഡ് ലഭിക്കുന്നുണ്ടെന്നും അവരുടെപേരില്‍ ധാരാളം വസ്തുവകകളുണ്ടെന്നും കാണിച്ചാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. മകന് പണം നല്‍കാനുള്ള ഉത്തരവ് അംഗീകരിക്കുന്നതായും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ പറഞ്ഞു.
തന്റെപേരിലുണ്ടായിരുന്ന വസ്തുവകകള്‍ അച്ഛന്റെപേരിലാണ് ഇപ്പോഴെന്നും കമ്പനിയില്‍നിന്ന് ഡിവിഡന്‍ഡ് കിട്ടുന്നില്ലെന്നുമായിരുന്നു ഭാര്യയുടെ തടസ്സവാദം. എന്നാല്‍, ഈ കേസ് നടക്കുന്നതിനിടെയാണ് സ്വത്ത് അച്ഛന്റെപേരിലേക്ക് മാറ്റിയതെന്ന് കോടതി കണ്ടെത്തി. ഡിവിഡന്‍ഡ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതും വിവാഹമോചനക്കേസിന്റെ പേരിലാണെന്ന് വ്യക്തമായി. നല്ല സാമ്പത്തികശേഷിയുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
Content Highlights: Madras High Court rules against interim alimony for wife with substantial income and assets