പട്ടാപ്പകൽ വഴിയിൽ കാത്തുനിന്നു, പിടിവലിയും കത്തിവീശലും; തട്ടിപ്പറിച്ചത് 9.5 ലക്ഷം; 3 പേർ കസ്റ്റഡിയിൽ

നിലമ്പൂർ: ബാങ്കിൽനിന്ന് 9.95 ലക്ഷം രൂപയെടുത്ത് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് പണംതട്ടിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. പ്രതികളുമായി ബന്ധമുള്ള മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് പോലീസ് അറിയിച്ചു. സ്വർണം പൊട്ടിക്കൽ മാതൃകയിൽ ആസൂത്രണംചെയ്തു നടത്തിയ കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലമ്പൂർ ടൗണിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരമ്പലം കിഴക്കേപാലമഠത്തിൽ കുമ്മാളി ഫിറോസിന്റെ (36) കൈയിൽനിന്നാണ് പണം നഷ്ടമായത്. ആശുപത്രിറോഡിലെ ബാങ്ക് ഓഫ് ബറോഡയിൽനിന്ന്, സ്വന്തം അക്കൗണ്ടിലുള്ള പണം എടുത്ത് കവറിലാക്കി പുറത്തേക്കിറങ്ങിയതാണ് ഫിറോസ്.
റോഡ് മുറിച്ചുകടന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്ക് കയറി. അതിലൂടെ പോയി താഴെ നിലയിലേക്ക് ഇറങ്ങിയാൽ കെ.എൻ.ജി. റോഡിലേക്ക് എളുപ്പം കടക്കാം. അതായിരുന്നു ലക്ഷ്യമെന്ന് പറയുന്നു. ഇതിനിടെ കാത്തുനിന്ന നാലുപേർ ഫിറോസിനെ ആക്രമിച്ചു. പിടിവലിക്കിടെ, തട്ടിപ്പറിച്ച പണവുമായി ഒരാൾ ബൈക്കിൽ കടന്നു. മറ്റുള്ളവരുമായി പിടിവലി തുടരുന്നതിനിടെ ഫിറോസിന്റെ ഷർട്ട് കീറി ഊരിപ്പോയി. അക്രമികളുടെ കൈവശമുണ്ടായിരുന്ന കത്തി കൈയിൽ കിട്ടിയ ഫിറോസ് അതു വീശിയതോടെ മറ്റു മൂന്നുപേരും കടന്നുകളഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാടകീയതയേറിയ കാര്യങ്ങളാണ് ഉണ്ടായത്. പട്ടാപ്പകൽ വഴിയിൽ കാത്തുനിൽക്കൽ, പിടിവലി, തട്ടിപ്പറിക്കൽ, കത്തിവീശൽ, ഷർട്ട് കീറൽ തുടങ്ങിയവയെല്ലാം നടന്നതായിപ്പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ടുനിന്നവരിൽ ആരോ പകർത്തിയതാണെന്ന് കരുതുന്നു.
ആക്രമണത്തിനിടെ ഫിറോസ് കത്തി ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്ന സൂചനകൾതന്നെ ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, പണം നഷ്ടപ്പെട്ട ഫിറോസിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവിൽ കസ്റ്റഡിയിലുള്ള മൂന്നുപേർക്ക് ഈ സംഭവത്തിൽ എത്തരത്തിലുള്ള പങ്കാണുള്ളതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഒപ്പം, കവർച്ച നടത്തിയ പ്രധാന പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ പിടികൂടുന്നതോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
Content Highlights: Three people have been taken into custody as police investigate a dramatic daylight robbery in Nilambur where Rs 9.95 lakh was snatched from a man who had just withdrawn cash from a bank.