ATM തട്ടിപ്പിലെ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്; മലയാളിയെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി NIA

കോയമ്പത്തൂര്‍: ഈറോഡ് ഭവാനിസാഗറിലെ തോട്ടംപാളയംഭാഗത്ത് താമസിച്ചിരുന്ന മലയാളിയെ എന്‍.ഐ.എ. സംഘം അറസ്റ്റുചെയ്തു. തൃശ്ശൂര്‍ സ്വദേശി ആസിഫിനെയാണ് (36) ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കേരളത്തില്‍നിന്നെത്തിയ എന്‍.ഐ.എ. സംഘം അറസ്റ്റുചെയ്തത്. എ.ടി.എം. തട്ടിപ്പുകേസിലെ പ്രതിയാണ് ആസിഫ്.
കേരളത്തിലെ എ.ടി.എം. കേന്ദ്രങ്ങളില്‍ അടുത്തിടെ മോഷണം വ്യാപകമായിരുന്നു. എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടിയിട്ടുണ്ട്.
ഇതിനുപിന്നില്‍ വലിയൊരു സംഘമുണ്ട്. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം ഇവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഈ കേസിന്റെ ഭാഗമായാണ് ആസിഫിനെയും പിടിച്ചതെന്ന് പറയുന്നു.
ആസിഫും സുഹൃത്തും അടുത്തിടെയായി ഭവാനിസാഗറിനുസമീപം തോട്ടംപാളയത്താണ് താമസിക്കുന്നത്. സമീപത്തെ ചായക്കടയിലായിരുന്നു ജോലി. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ആസിഫ് കഴിഞ്ഞിരുന്നത്. നിരവധിപേര്‍ ഇയാളെ കാണാന്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ എന്‍.ഐ.എ. സംഘത്തോട് പറഞ്ഞു. എന്‍.ഐ.എ. സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അറസ്റ്റുചെയ്ത ആസിഫിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന സുഹൃത്തും കസ്റ്റഡിയിലാണ്.
Content Highlights: nia arrested atm fraud case accused malayali from tamilnadu