ബൈക്കിന്റെ ശബ്ദത്തേച്ചൊല്ലി തർക്കം: കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു; നാലുപേർ കസ്റ്റഡിയിൽ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാഞ്ഞിരംകുളം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി മനുവാണ് മരിച്ചത്. സംഭവത്തിൽ കണ്ണറവിള കുഴിപ്പള്ളം സ്വദേശിയായ പൊടിയൻ എന്ന് വിളിക്കുന്ന ബിജു (48), ഇയാളുടെ മക്കളായ അമ്പാടി (18), മിഥുൻ (20), ഇവരുടെ സുഹൃത്തായ 17 വയസ്സുകാരൻ എന്നിവരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മനുവിന്റെ വീടിന് മുന്നിൽവെച്ച് അമ്പാടി ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ തീരുകയും, തുടർന്ന് പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് ശബ്ദമുണ്ടാക്കി റെയ്സ് ചെയ്തതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബൈക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടെത്തിയ മനുവും അമ്പാടിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരും പിരിഞ്ഞുപോയെങ്കിലും പിന്നീട് മനു പിച്ചാത്തിയുമായി അമ്പാടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടർന്നുണ്ടായ വാക്കേറ്റത്തിലും തർക്കത്തിനുമിടയിൽ അമ്പാടിയുടെ സഹോദരൻ മിഥുന് പരിക്കേറ്റു.

ഈസമയം, ബിജു ഇടപെടുകയും സംഘർഷം രൂക്ഷമാവുകയും ചെയ്തു. ഇതിനിടയിലാണ് മനുവിന് കുത്തേറ്റത്. പരിക്കേറ്റ മനുവിനെയും മിഥുനെയും ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനുവിന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽവെച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായെങ്കിലും നെയ്യാറ്റിൻകര പോലീസ് എത്തി ഇവരെ ശാന്തരാക്കി.

മനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേരെയും കൂടുതൽ ചോദ്യംചെയ്തുവരികയാണ്.

Content Highlights: Four suspects, including a father and two sons, taken into custody by Kanjiramkulam police., The conflict began over a bike's loud engine noise and fuel issue., Victim Manu succumbed to stab wounds at Neyyattinkara General Hospital., Clashes occurred at the hospital between the two involved parties post-incident., Police investigation is currently ongoing with interrogations.