'നടന്നുചെന്ന് അറയിലിരുന്നു, ആത്മാവ് കൈലാസത്തിലേക്ക് പോകുന്നതുകണ്ടു'; ഗോപൻസ്വാമി മുൻ ചുമട്ടുതൊഴിലാളി

Screengrab: Mathrubhumi News
Screengrab: Mathrubhumi News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂജാരിയായ 69-കാരനെ മക്കള്‍ സമാധിപീഠത്തില്‍ അടക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിനിടെ ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കളക്ടറുടെ ഉത്തരവുണ്ടാവുകയെന്നാണ് വിവരം.

നെയ്യാറ്റിന്‍കര ആറാലുംമൂട് ചന്തയ്ക്ക് എതിര്‍വശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകന്‍ കാവുവിളാകം സിദ്ധന്‍വീട്ടില്‍ മണിയന്‍ എന്ന ഗോപന്‍ സ്വാമി(69)യുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. ഗോപന്‍ സ്വാമി കുറച്ചുനാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍ സ്വാമി സമാധിയായെന്നുകാട്ടി മക്കള്‍ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. അപ്പോള്‍ മാത്രമാണ് ഇദ്ദേഹം മരിച്ചെന്ന വിവരം നാട്ടുകാരറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Also Read: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി'യിൽ അടിമുടി ദുരൂഹത; മൃതദേഹം സ്ലാബിട്ട് മൂടി, പിന്നാലെ ബോർഡും

വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപന്‍ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കള്‍ പറയുന്നത്. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപന്‍ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവെച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താന്‍ കണ്ടെന്നും ഇതിനുശേഷമാണ് കോണ്‍ക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചെന്നും മകന്‍ പറഞ്ഞിരുന്നു. 

നിലവില്‍ സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പോലീസ് സീല്‍ചെയ്തിരിക്കുകയാണ്. അതേസമയം, ഗോപന്‍ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന് സമീപത്തെ ക്ഷേത്രം ഗോപന്‍ സ്വാമി തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്ന ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചതെന്നും അപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. 

അതിനിടെ, സമാധിച്ചടങ്ങ് ആരെയും അറിയിക്കരുതെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് മരണവിവരം പുറത്തറിയിക്കാന്‍ വൈകിയതെന്നാണ് മക്കള്‍ പറയുന്നത്. ഷുഗറിന്റെയും രക്തസമ്മര്‍ദത്തിന്റെയും മരുന്നുകളും ഭക്ഷണവും കഴിച്ചശേഷമാണ് അച്ഛന്‍ സമാധിയാകാന്‍ പോയതെന്നും മക്കള്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി. എന്നാല്‍, കിടപ്പിലായിരുന്നതിനാല്‍ ഗോപന്‍ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപന്‍ സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. 

ക്ഷേത്രസ്ഥാപകനും പൂജാരിയുമായ ഗോപന്‍ സ്വാമി നേരത്തെ ചുമട്ടുത്തൊഴിലാളിയായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പിന്നീടാണ് ക്ഷേത്രവും സ്ഥാപിച്ച് പൂജ ആരംഭിച്ചത്. നേരത്തെ ക്ഷേത്രത്തിലേക്ക് ആളുകളൊക്കെ വന്നിരുന്നു. പക്ഷേ, ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഗോപന്‍ സ്വാമിക്ക് ഭാര്യയും മൂന്നുമക്കളുമാണുണ്ടായിരുന്നത്. ഇതില്‍ ഒരുമകന്‍ നേരത്തെ മരിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. അതിനിടെ, സംഭവത്തില്‍ തിങ്കളാഴ്ച രാവിലെ ഗോപന്‍ സ്വാമിയുടെ മകനോട് പ്രതികരണം തേടിയപ്പോള്‍ 'എല്ലാം ഭഗവാനോട് ചോദിക്കൂ'  എന്നായിരുന്നു ഇയാളുടെ പ്രതികരണം.

Content Highlights: neyyatinkara gopan swami samadhi death investigation