ഉറക്കെ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കം; 10 വയസുകാരൻ അയൽവാസിയായ 16-കാരിയെ വെടിവെച്ചുകൊന്നു

#ന്യൂസ് ഡെസ്ക്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്

ന്യൂമെക്‌സിക്കോ: അമേരിക്കയിൽ അയൽവാസിയുമായുള്ള തർക്കത്തിന് പിന്നാലെ 10 വയസ്സുകാരൻ കൗമാരക്കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുള്ള ആൽബുക്കർക്കിയിൽ ഹാലോവീൻ ദിനത്തിൽ (ഒക്ടോബർ 31) ആണ് ഈ സംഭവം നടന്നത്. എന്നാൽ, പോലീസ് അടുത്തിടെ ഈ സംഭവത്തിന്റെ ഹോം സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

കേനർലൈൻ പ്ലാസ റേഞ്ചൽ എന്ന 16 വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഹാലോവീൻ ആഘോഷത്തിനിടെ വലിയ ശബ്ദമുണ്ടാക്കിയെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് എലെയ്‌ന ഗോമസ്-വില്ലെഡ എന്ന 40-കാരിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു റേഞ്ചൽ. പോലീസ് പുറത്തുവിട്ട വീഡിയോയിൽ ഇരുവരും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നതും, പരസ്പരം മർദിക്കുന്നതും മുടിക്ക് പിടിച്ച് വലിക്കുന്നതും കാണാം.

തുടർന്ന്, എലെയ്‌ന തന്റെ മകനോട് ഹാൻഡ്ഗൺ (Handgun) എടുത്തു നൽകാൻ ആവശ്യപ്പെടുന്നതും, ഇതുകേട്ട് മകൻ വീടിനകത്തേക്ക് ഓടിച്ചെന്ന് തോക്കുമായി തിരികെ വരുന്നതും കാണാം. പിന്നാലെ അവൻ, തർക്കത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് സ്ത്രീകൾക്ക് നേരെയും തോക്ക് ചൂണ്ടി നിൽക്കുന്നതും, 'അവൻ നിന്നെ വെടിവെക്കും, അവൻ തീർച്ചയായും വെടിവെക്കാൻ പോവുകയാണ്.' എന്ന് എലെയ്‌ന മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്.

പിന്നാലെയാണ് കുട്ടി രണ്ട് തവണ വെടിയുതിർക്കുന്നത്, അതിൽ റേഞ്ചൽ കൊല്ലപ്പെടുന്നു. സ്വന്തം വീട്ടിൽ നിന്ന് ഈ ദൃശ്യം കാണുകയായിരുന്ന റേഞ്ചലിന്റെ പിതാവ് കേനർ പ്ലാസ, നിയന്ത്രണംവിട്ട് അയൽപക്കത്തെ വീട്ടിലേക്ക് ഓടിയെത്തുകയും വാതിൽ തകർത്ത് അകത്തുകടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.

എന്നാൽ അപ്പോഴേക്കും മകന്റെ കൈയിൽനിന്നും തോക്ക് കൈക്കലാക്കിയ എലെയ്‌ന അദ്ദേഹത്തിന് നേരെയും വെടിയുതിർത്തു. തുടർന്ന് എലെയ്‌ന തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസുകാർ സംഭവസ്ഥലത്തെത്തുമ്പോൾ കേനർ നിലത്തു കിടക്കുന്നതും, എലെയ്‌ന തോക്ക് കൈവശം വെച്ചിരിക്കുന്നതുമാണ് കണ്ടത്. പിന്നാലെ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എലെയ്‌നയ്ക്കുനേരെ രണ്ടുതവണ വെടിയുതിർത്തു.

സ്ഥിതിഗതികൾ തങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനായാണ് ഇത്തരത്തിൽ വെടിവെച്ചതെന്നും ഇത് അപ്പാർട്ട്‌മെന്റിന് പുറത്തെ ഭിത്തിയിലാണ് പതിച്ചതെന്നും പോലീസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവർക്കെതിരെ ആദ്യം ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയതെങ്കിലും പിന്നീട് ഗ്രാന്റ് ജൂറി ഇത് സെക്കൻഡ് ഡിഗ്രി കൊലപാതകമായി കുറച്ചു. 

10 വയസുകാരനെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലെങ്കിലും, കുറ്റപത്രം ചുമത്താൻ കഴിയുമോ എന്ന് നിർണയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രോസിക്യൂട്ടർമാരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.

'ഞങ്ങൾ സംഭവസ്ഥലത്ത് വച്ച് തന്നെ ഇതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ അയയ്ക്കാൻ മാത്രമുള്ള പ്രായം അവനായിട്ടില്ല. അതിനാൽ അവന് 12 വയസ്സ് തികയുമ്പോൾ ഈ സാഹചര്യം പുനഃപരിശോധിക്കുന്നതിനായി ജുവനൈൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും.' ആൽബുക്കർക്കി പോലീസ് ചീഫ് സിസിലി ബാർക്കറെ പറഞ്ഞു.

അതേസമയം, മരിച്ച പെൺകുട്ടിയുടെ പിതാവ് ഇതിനെതിരെ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. 'ഇത് സംഭവിച്ചുവെന്ന് നിങ്ങൾക്കറിയാമല്ലോ. അവർ ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കി. മകൾ വളരുന്നത് കാണുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം... മകൾ ഇതുപോലെ ദാരുണമായി വേർപിരിയുന്നത് കാണേണ്ടിവരിക... ഇത് ഒട്ടും ന്യായമല്ല.' റേഞ്ചലിന്റെ പിതാവ് കേനർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: A 10-year-old boy in Albuquerque, New Mexico, fatally shot a 16-year-old girl, Keinerlien Rangel, following a dispute between neighbors on Halloween. The boy's mother, Elaina Gomez-Villeda, instructed him to retrieve a handgun during the altercation, leading to the shooting; she later informed the police, who responded by firing at her to control the situation. Initially charged with first-degree murder, the charges against Elaina were reduced to second-degree murder; authorities are still determining whether to charge the boy.