മാറിനിൽക്കെന്ന് ആക്രോശം, കോടതിമുറിയിലും ഭാവവ്യത്യാസമില്ല; കൊടുംക്രിമിനൽ ചെന്താമരയ്ക്ക് വിചാരണ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയുടെ (59) വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാലിൽ ആരംഭിച്ചു. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാല് ജഡ്ജി കെന്നത്ത് ജോർജിന് മുന്നിലാണ് വിചാരണനടപടി ആരംഭിച്ചത്. 2025 ജനുവരി 27-നാണ് സുധാകരനും അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കോടതിചേരുന്നതിന് തൊട്ടുമുൻപ് കനത്ത പോലീസ് കാവലിലാണ് ചെന്താമരയെ കോടതിമുറിയിൽ എത്തിച്ചത്. സജിത വധക്കേസിലെ വിധിക്കുശേഷം തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് ചെന്താമര. അവിടെനിന്നാണ് പാലക്കാട്ടേക്കെത്തിച്ചത്.
കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുവുമായ കെ. സുബ്രഹ്‌മണ്യനെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. സുധാകരനും ലക്ഷ്മിയും കൊല്ലപ്പെട്ടശേഷം നെന്മാറ പോലീസ് സ്റ്റേഷനിലെത്തി ചെന്താമരക്കെതിരേ പരാതി നൽകിയത് സുബ്രഹ്‌മണ്യനായിരുന്നു. നേരത്തേ മജിസ്‌ട്രേറ്റിനു മുന്നിൽ സുബ്രഹ്‌മണ്യന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറാണ് സുബ്രഹ്‌മണ്യനിൽ നിന്ന് ആദ്യം വിവരം തേടിയത്. സംഭവമറിഞ്ഞ് അരമണിക്കൂറിനകം താൻ സംഭവം നടന്ന ബോയൻ കോളനിയിൽ എത്തിയെന്നും അപ്പോൾ വീടിനുമുന്നിലെ റോഡിൽ സുധാകരൻ മരിച്ചു കിടക്കുന്നതായി കണ്ടെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു. പരിക്കേറ്റ അമ്മ ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
തുടർന്ന്, ബന്ധുവിനൊപ്പം ബൈക്കിൽ നെന്മാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തി. ജില്ലാ ആശുപത്രിയിൽവെച്ചാണ് ലക്ഷ്മി മരിച്ചവിവരം അറിയുന്നത്. പിന്നീട് നെന്മാറ പോലീസിൽ പരാതി നൽകി. ചെന്താമരയാണ് സുധാകരനെയും ലക്ഷ്മിയെയും ആക്രമിച്ചതെന്ന് ആളുകൾ പറഞ്ഞാണ് അറിഞ്ഞതെന്നും പ്രതിക്ക് ഇരുവരോടും വൈരാഗ്യമുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് സുധാകരനും സജിതയും തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുബ്രഹ്‌മണ്യൻ കോടതിയിൽ അറിയിച്ചു.
മൊഴിയിലെ വൈരുധ്യങ്ങൾ പറഞ്ഞ് പ്രതിഭാഗം
കൊല്ലപ്പെടുമ്പോൾ സുധാകരൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, കണ്ണട എന്നിവയ്ക്ക് പുറമേ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന സ്‌കൂട്ടർ, ഹെൽമെറ്റ് തുടങ്ങിയ തൊണ്ടി സാധനങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. തുടർന്ന്, പ്രതിഭാഗം അഭിഭാഷകനായ ജേക്കബ് മാത്യുവും സാക്ഷിയിൽനിന്ന് വിവരങ്ങൾ തേടി.
മുൻപ് പോലീസിന് നൽകിയിരുന്ന മൊഴിയിലും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും പറയാത്ത കാര്യങ്ങൾ സാക്ഷി കോടതിയിൽ പറഞ്ഞത് എണ്ണിപ്പറഞ്ഞായിരുന്നു പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം. ഉച്ചയ്ക്ക് ഒന്നരവരെ നടപടി നീണ്ടു.
ഈസമയം ചെന്താമര അക്ഷോഭ്യനായി പ്രതിക്കൂട്ടിൽ നിന്ന് വിചാരണനടപടി നിരീക്ഷിച്ചു. ചൊവ്വാഴ്ചയും വിസ്താരം തുടരും. രണ്ടുമുതൽ എട്ടുവരെയുള്ള സാക്ഷികളെയാവും കോടതി വിസ്തരിക്കുക.
ഫോട്ടോഗ്രാഫർമാർക്ക് നേരേ ആക്രോശം
പാലക്കാട്: ചെന്താമരയുടെ റിമാൻഡ് കാലാവധി ഏപ്രിൽ 24വരെ നീട്ടിയ കോടതി, വിചാരണയ്ക്കായി പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി. കോടതിനടപടികൾക്കുശേഷം പോലീസ് വലയത്തിൽ പുറത്തിറങ്ങിയ ചെന്താമര, ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫർമാർക്കുനേരേ രോഷാകുലനായി. വിലങ്ങണിഞ്ഞ കൈകളുയർത്തി മുഷ്ടിചുരുട്ടി 'മാറി നിൽക്ക്' എന്ന് ആക്രോശിച്ചശേഷമാണ് ചെന്താമര പോലീസ് ജീപ്പിലേക്ക് കയറിയത്.
Content Highlights: Trial commences for Chenthamara, accused in the brutal Nenmara double murder of Sudhakaran and his mother Lakshmi. Key witness testimony begins.