'കുടുംബം നശിപ്പിച്ചു, അതറിയില്ലേ? വീടുവെച്ചിട്ട് ആ വീട്ടിൽകയറി ഇരിക്കാനായില്ല'; ക്ഷുഭിതനായി ചെന്താമര

പ്രതി ചെന്താമര | Screengrab: Mathrubhumi News
പ്രതി ചെന്താമര | Screengrab: Mathrubhumi News

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് പ്രതി ചെന്താമര. തന്റെ കുടുംബം നശിപ്പിച്ചത് അറിയില്ലേയെന്നും തന്റെ മകളെ പഠിപ്പിക്കാനായില്ലെന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് മകളെ പഠിപ്പിച്ചതെന്നും ചെന്താമര മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രണ്ടാംദിവസത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷമായിരുന്നു ചെന്താമരയുടെ പ്രതികരണം. 

'കുറ്റബോധമില്ല. എന്റെ കുടുംബത്തെ നശിപ്പിച്ചു, അതറിയില്ലേ. 2010-ല്‍ വീട് വെച്ചിട്ട് ആ വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റിയിട്ടില്ല. മകള്‍ എന്‍ജിനിയറാണ്. അവളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല'', ചെന്താമര പോലീസ് ജീപ്പിലിരുന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. 

Also Read: 'പുഷ്പയെ കൊല്ലാതെവിട്ടതിൽ നിരാശ, ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല'; കുറ്റബോധമില്ലാതെ ചെന്താമര

നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം സജിതയും സുധാകരനുമാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. ഇതായിരുന്നു കൊലയ്ക്ക് കാരണം.

സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.

Content Highlights: nenmara double murder case accused chenthara's response