ഗേൾസ് ഹോസ്റ്റലിൽ മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ; നീറ്റ് ചോര്‍ച്ചയില്‍ MBBS വിദ്യാര്‍ഥിനി അറസ്റ്റിൽ

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഝാര്‍ഖണ്ഡില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി അറസ്റ്റില്‍. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(റിംസ്)ലെ ആദ്യവര്‍ഷ വിദ്യാര്‍ഥിനി സുരഭി കുമാരിയെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലും സി.ബി.ഐ. ഓഫീസിലുമായി മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് വിദ്യാര്‍ഥിനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്യാനായി സി.ബി.ഐ. സംഘം ജൂലായ് 17-ന് കോളേജിലെ ഗേൾസ് ഹോസ്റ്റലിലെത്തിയിരുന്നു. 17-ന് മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ സി.ബി.ഐ. സംഘം പിറ്റേദിവസം വീണ്ടും ഹോസ്റ്റലിലെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്ത് റാഞ്ചിയിലെ സി.ബി.ഐ. ഓഫീസിലെത്തിച്ച് ചോദ്യംചെയ്തു. മണിക്കൂറുകളോളം നീണ്ട ഈ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ എഴുതി നല്‍കിയവരില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ സുരഭി കുമാരിയും ഉള്‍പ്പെട്ടതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ സി.ബി.ഐ. സംഘം വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഇവരോട് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുകയുംചെയ്തു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്യാനായാണ് സി.ബി.ഐ. സംഘം കസ്റ്റഡിയിലെടുത്തതെന്നും റിംസ് പി.ആര്‍.ഒ. ഡോ.രാജീവ് രഞ്ജന്‍ അറിയിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥിനി പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നയാളാണ്. പരീക്ഷകളില്‍ ശരാശരിയിലേറെ മാര്‍ക്ക് നേടിയിരുന്നതായും പി.ആര്‍.ഒ. പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലായ് 18-ന് പട്‌ന എയിംസിലെ നാല് എം.ബി.ബി.എസ്. വിദ്യാര്‍ഥികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നാലുപേരെയും കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ ഇതുവരെ ആകെ 16 പേരെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: neet ug question paper leak mbbs student arrested from ranchi