നീറ്റ് ചോദ്യപേപ്പര്‍ ചോർച്ച: സംഘം ലക്ഷ്യമിട്ടത് 120 പരീക്ഷാർഥികളെ, 20 ലക്ഷംവരെ പ്രതിഫലം; അതീവരഹസ്യം

പ്രതീകാത്മക ചിത്രം | File Photo: PTI
പ്രതീകാത്മക ചിത്രം | File Photo: PTI

ന്യൂഡല്‍ഹി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വളരെ കുറച്ച് പരീക്ഷാർഥികളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും പ്രതികളാരും ഇത് മൊബൈല്‍ഫോണ്‍ വഴി കൈമാറിയില്ലെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചില്ലെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

വ്യാപകമായ ചോര്‍ച്ചയുണ്ടായാല്‍ അത് തങ്ങള്‍ക്കുതന്നെ കുരുക്കാകുമെന്ന് കരുതി ഏറെ ശ്രദ്ധയോടെയായിരുന്നു പ്രതികളുടെ ഇടപെടല്‍. അതിനാല്‍ ഏറെപ്പേർക്ക് ചോദ്യങ്ങള്‍ കൈമാറിയിരുന്നില്ല. ഏതെങ്കിലും മൊബൈല്‍ ആപ്പ് വഴി ഇത് ചോര്‍ന്നാല്‍ വ്യാപകമായി പ്രചരിക്കുമെന്നും ഒരുപക്ഷേ, പരീക്ഷ തന്നെ റദ്ദാക്കാന്‍ കാരണമാകുമെന്നും പ്രതികള്‍ കരുതിയിരുന്നു. ഇതിനൊപ്പം ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനവുമായി ബന്ധപ്പെടാനും പ്രതികള്‍ ശ്രമിച്ചിട്ടില്ലെന്നും സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പരീക്ഷയെഴുതുന്ന 120 പേര്‍ക്ക് മാത്രമാണ് സംഘം ചോദ്യങ്ങള്‍ കൈമാറിയത്. ഇവരില്‍നിന്ന് അഡ്വാന്‍സ് തുകയും വാങ്ങിയിരുന്നു. ഇതിനൊപ്പം 20 ലക്ഷം രൂപയുടെവരെ ചെക്കുകളും ഒപ്പിട്ടുവാങ്ങി. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചാല്‍ ചെക്ക് മാറി പണം കൈപ്പറ്റാമെന്നതായിരുന്നു ധാരണ. 

കഴിഞ്ഞ ശനിയാഴ്ച സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്ത എന്‍ജിനീയറായ പങ്കജ് കുമാറിന്റെ നേതൃത്വത്തിലാണ് ഹസരിബാഗിലെ കേന്ദ്രത്തില്‍നിന്ന് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ട്രെങ്ക് പെട്ടിയിലാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അയച്ചുനല്‍കിയ ചോദ്യപേപ്പര്‍ പെട്ടി പൊട്ടിച്ചാണ് പകര്‍ത്തിയെടുത്തത്. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ രാവിലെ 8.02-ന് പ്രവേശിച്ച പ്രതി 9.23-ഓടെയാണ് തിരികെവന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ചോദ്യപേപ്പര്‍കെട്ട് പൊട്ടിക്കുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയുംചെയ്തു.

എന്നാല്‍, ഇത് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റിലൂടെയോ ആര്‍ക്കും അയച്ചുനല്‍കിയില്ല. ചോദ്യപേപ്പറിന്റെ പ്രിന്റും എടുത്തില്ല. തുടര്‍ന്ന് മറ്റൊരു പ്രതിയെത്തി ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ എഴുതിനല്‍കി. ഇതിനുശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് കൈമാറിയത്. എന്നാല്‍, സമയം കുറവായതിനാലും ചോദ്യവും ഉത്തരവും കിട്ടിയ വിദ്യാര്‍ഥികള്‍ അത്ര മികച്ചവരല്ലാത്തതിനാലും ഇവര്‍ക്കാര്‍ക്കും ഇതിന്റെ ഗുണംലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അറസ്റ്റിലായ പങ്കജ് കുമാര്‍ ജംഷേദ്പുര്‍ എന്‍.ഐ.ടി.യില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ്. ഇയാള്‍ക്കൊപ്പം രാജസ്ഥാനില്‍നിന്നുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ കുമാര്‍ മംഗളം ബിഷ്‌ണോയി, ദീപേന്ദര്‍ ശര്‍മ എന്നിവരെയും സി.ബി.ഐ. കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് മോഷ്ടിച്ച ചോദ്യപേപ്പര്‍ പരിശോധിച്ച് ഉത്തരങ്ങള്‍ നല്‍കിയത് മെഡിക്കല്‍ വിദ്യാര്‍ഥികളാണെന്നാണ് കണ്ടെത്തല്‍. നീറ്റ് പരീക്ഷ നടന്നദിവസം ഇരുവരും ഹസാരിബാഗിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. 
 

Content Highlights: neet ug question paper leak gang targeted only 120 students