സുഹൈൽ അമിതമായി മദ്യപിച്ചെന്ന് പരിശോധനാഫലം; ബോസ്റ്റൽ സ്കൂളിലെ മുടിവെട്ടൽ ക്രമീകരണങ്ങളുടെ ഭാഗമെന്ന് അധികൃതർ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ ആഡംബരക്കാറിടിച്ച് മൂന്ന് സ്കൂട്ടർ യാത്രികർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാവിലെ 10-ഓടെ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അപകടംനടന്ന നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലെ വാളേപ്പുറം ഭാഗത്ത് പ്രതിയെ എത്തിച്ചത്.
നാലുപ്രതികളെയും കസ്റ്റഡിയിൽ ലഭിച്ചെങ്കിലും സുഹൈലിനെമാത്രമാണ് സ്ഥലത്തെത്തിച്ചത്. പോലീസ് വാഹനത്തിൽനിന്ന് സുഹൈലിനെ പുറത്തേക്കിറക്കിയില്ല. വാഹനത്തിനകത്ത് തുണികൊണ്ട് മുഖംമറച്ച് ഇരിക്കുകയായിരുന്ന സുഹൈലിനെ അരമണിക്കൂറോളം വാഹനത്തിൽ ചോദ്യംചെയ്തു. അപകടത്തിനുമുൻപ് സുഹൈൽ മദ്യപിച്ച നെടുമ്പാശ്ശേരിയിലെ ബാറിൽ എത്തിച്ചും ഒരുമണിക്കൂറോളം തെളിവെടുപ്പ് നടത്തി.
പ്രതികളായ നിനവ്, അമീൻ, ജോയൽ എന്നിവരെ സ്റ്റേഷനിൽവെച്ച് പോലീസ് വിശദമായി ചോദ്യംചെയ്തു. ഇവർക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു.
സുഹൈൽ മദ്യപിച്ചശേഷം അതിവേഗത്തിൽ വാഹനം ഓടിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് കേസ്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ദക്ഷിണകന്നഡ സുള്ളിയ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപ്പറ്റ സ്വദേശിനി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.
മുടിവെട്ടൽ: ക്രമീകരണങ്ങളുടെ ഭാഗം -അധികൃതർ
കാക്കനാട്: ബോസ്റ്റൽ സ്കൂളിലെത്തിയപ്പോൾ സുഹൈൽ സ്വയം മുടിവെട്ടിയെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂളിൽ പ്രവേശിപ്പിക്കുന്ന റിമാൻഡ് തടവുകാരുടെ മുടിയും നഖവും വെട്ടുന്നത് വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ്. സുഹൈലിന്റെ കാര്യത്തിൽ മാത്രമായി ചെയ്തതല്ല. പതിവ് ക്രമീകരണങ്ങളുടെ ഭാഗമായാണ് മുടിവെട്ടലും മറ്റ് ശുചീകരണ പ്രവർത്തനങ്ങളുമെന്നും അധികൃതർ വിശദീകരിച്ചു.
അമിതമായി മദ്യപിച്ചെന്ന് പരിശോധനാഫലം
ആലുവ: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നെന്ന് രക്തപരിശോധനാഫലം. പരിശോധനാഫലം പോലീസ് കോടതിയിൽ നൽകും. സംഭവദിവസം മൂന്നുബാറുകളിൽനിന്ന് അമീൻ ഒഴികെ മൂന്നുപേരും മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Police conducted evidence gathering with prime accused Suhail at the Nedumbassery accident site and bar., Blood test confirms Suhail was heavily drunk at the time of the accident., Four accused remanded to the Borstal school, charged with abetment., Authorities clarified that cutting the accused's hair was part of standard prison hygiene protocols.