സ്വര്‍ണക്കടത്ത്: കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ പി.എ. ഫൈസലിന്റെ കോഫെപോസെ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര റവന്യൂ വകുപ്പും ഡി.ആര്‍.ഐ.യും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്.
ഫെബ്രുവരിയിലാണ് പി.എ. ഫൈസലിന്റെ കരുതല്‍ തടങ്കല്‍ കേരള ഹൈകോടതി റദ്ദാക്കിയത്. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
തികച്ചും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍ 2015-ല്‍ ഫൈസലിനെ കോഫെപോസെ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തടങ്കല്‍ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഫൈസലിനെ വീണ്ടും തടങ്കലിലാക്കിയത്. കേരളം കേന്ദ്രീകരിച്ച് വര്‍ധിച്ച് വരുന്ന സ്വര്‍ണക്കടത്തിനെതിരേ സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചതെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlights: nedumbassery gold smuggling case supreme court sent notice on central revenue dept petition
Content Highlights: