നെടുമ്പാശ്ശേരി വാഹനാപകടം: ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശംനൽകി എക്സൈസ് മന്ത്രി

നെടുമ്പാശ്ശേരി: കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കാർ ഓടിച്ചിരുന്ന 19-കാരൻ അപകടത്തിന് മുമ്പ് വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്.
19-കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നാണ് എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
23 വയസ്സാണ് ബാറിൽനിന്ന് മദ്യം കഴിക്കാൻ നിയമപരമായ പ്രായം. പ്രതിക്ക് 19 വയസ് മാത്രമാണ് പ്രായം. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രവണതകൾ ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നെടുമ്പാശ്ശേരി വിഐപി റോഡിലുണ്ടായ വാഹനാപകടത്തിലാണ് രണ്ടു യുവതികളും ഒരു യുവാവും ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്.
കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
Content Highlights: Excise Minister M Liju ordered strict action against bars serving alcohol to a minor., The 19-year-old driver responsible for the crash consumed alcohol illegally before the accident., The legal drinking age in Kerala is 23, highlighting severe regulatory violations by the bars., A speeding Mini Cooper struck a scooter on Nedumbassery VIP Road, resulting in three fatalities.