നെടുമ്പാശ്ശേരി അപകടമരണം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

അങ്കമാലി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്നുപേർ കാറിടിച്ച് മരിച്ച കേസിൽ പ്രതികളായവരുടെ ജാമ്യാപേക്ഷയിൻമേൽ വാദം പൂർത്തിയായി. ശനിയാഴ്ച കോടതി വിധി പറയും. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവർ അഭിഭാഷകർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി വെള്ളിയാഴ്ച പരിഗണിച്ചത്. വൈകീട്ട് മൂന്നിന് ആരംഭിച്ച വാദം ആറരയ്ക്കാണ് അവസാനിച്ചത്.
105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്സാക്ഷി പോലും ഇല്ലാതെ കേസിൽ ആദ്യം എഫ്.ഐ.ആർ. ഇട്ടപ്പോൾ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനിൽക്കില്ല. മൂന്നുപേർ ഒരു സ്കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്ക്കൊരു സ്കൂട്ടറിലും വരുന്നതിൽ ദുരൂഹതയുണ്ട്. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകൾ സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മുൻപ് ഒരു ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരേ ഇല്ലാതിരുന്നിട്ടും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി.
അപകടം നടന്നപ്പോൾ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനു നേരെ വലിയതോതിൽ ആക്രമണം നടത്തുകയാണ്. സാമൂഹികമാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തിയതാണ്. കാറിൽ ഒന്നിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാം. രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ കാറിലെ യാത്രക്കാരാണ്. ഇവർ കാറോടിച്ച ഒന്നാം പ്രതിയെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം. എഫ്.ഐ.ആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയിൽ ഇതൊന്നും പറയുന്നില്ല. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയെങ്കിൽ അപകടം നടന്നിടത്തു നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ. വേഗം തെളിയിക്കുന്ന എന്ത് രേഖയാണുള്ളത്. സി.സി.ടി.വി. ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാൽ തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. സീൻ മഹസർ ഒളിപ്പിച്ചുവെച്ചെന്നും പ്രതിഭാഗം വാദിച്ചു. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾ അമിതമായി മദ്യപിച്ചിരുന്നു. പ്രതികൾ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികൾ. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്തി.
സി.സി.ടി.വി. ദൃശ്യങ്ങളുടെ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടനെ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
Content Highlights: Arguments completed on the bail plea of four accused in the Nedumbassery triple fatality car accident., Angamaly court scheduled to pronounce its verdict on Saturday