നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകമെന്ന് നിഗമനം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിന്റെ മരണം കൊലപാതകമാണെന്ന് നിഗമനം. മരണം കൊലപാതകമെന്ന് സാധൂകരിക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തുടർച്ചയായ മർദനത്തെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഷ്കർ ചോറ് നൽകുന്നതിനിടയിൽ കുട്ടി ഛർദിച്ചെന്ന് പറഞ്ഞാണ് കുട്ടിയെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്‌നാട്ടിൽ ഒരു നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ അമ്മയുടെ അമ്മയും അച്ഛന്റെ അച്ഛനും ചേർന്നാണ് പരാതി നൽകിയത്. രണ്ടാനച്ഛൻ അഷ്കർ കുട്ടിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും ഏകദേശം ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഇയാൾ തല്ലിയൊടിച്ചതായും ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തിൽ രണ്ടുദിവസം മുമ്പ് മർദനമേറ്റ പാടുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത് നേരത്തെ ഉണ്ടായ മർദനങ്ങളെത്തുടർന്നുണ്ടായതാണെന്ന് പോലീസ് നിഗമനം. സംഭവത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ പോലീസ് കേസെടുത്തിരുന്നു. നിലവിൽ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Content Highlights: Post-mortem confirms Arshid's death was caused by internal hemorrhaging due to physical assault., Mother Akhila and stepfather Ashkar taken into custody by Nedumangad police., Relatives alleged consistent physical abuse, including a broken arm a month prior., Inquest report revealed multiple injury marks on the child's body., DYSP-led investigation is currently underway.