ഗുണ്ടാനേതാവ് നസീം ദുറാനിയെ ഏറ്റുമുട്ടലിൽ വധിച്ചു; ഡൽഹിയെ വിറപ്പിക്കാനെത്തി, ഒടുവിൽ തെരുവിൽ അന്ത്യം

ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് നസീം ദുറാനി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായിരുന്നു നസീം ദുറാനി.
നവംബർ 16-നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ, നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപംവെച്ച് സമീർ (26) എന്ന യുവാവിനുനേരെ വെടിവെപ്പുണ്ടായത്. മുസ്തഫാബാദ് സ്വദേശിയായ സമീറിനുനേരെ നസീം ദുറാനി 20 റൗണ്ട് വെടിയുതിർത്തതായാണ് പോലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സമീറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീം ദുറാനിയുടെ സംഘവും ഹാറൂൺ സൈഫിയുടെ സംഘവും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. നസീം ദുറാനി ബുലന്ദ്ശഹറിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസും നോയിഡ എസ്.ടി.എഫും ചേർന്ന് സംയുക്ത നീക്കം നടത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായ ഛോട്ടാ ഷക്കീലുമായി നസീം ദുറാനി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. റിവ്സാൻ എന്ന അപരനാമത്തിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. 2016-ൽ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ഛോട്ടാ രാജനെ വധിക്കാൻ ഛോട്ടാ ഷക്കീൽ, ദുറാനിക്ക് ക്വട്ടേഷൻ നൽകിയതായും ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പാക്-കനേഡിയൻ മാധ്യമപ്രവർത്തകനായിരുന്ന താരിഖ് ഫത്തയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും ദുറാനിയുടെ പേര് ഉയർന്നിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി ഇരുപത്തിയഞ്ചിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു നസീം ദുറാനി.
അധോലോക ശൃംഖലകളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ അന്ത്യത്തോടെ, ഖജൂരി ഖാസ് കൊലപാതകത്തിന്റെയും അതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ ശൃംഖലകളുടെയും വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
വടക്കുകിഴക്കൻ ഡൽഹിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ദുറാനി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ, വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അക്കി ഡോൺ എന്ന രാജാ മേവാതിയുടെ സംഘവുമായി ദുറാനിയുടെ സംഘം കടുത്ത ശത്രുതയിലായിരുന്നു. വാതുവെയ്പ്, ആധിപത്യം, ലഹരിമരുന്ന് കച്ചവടം, പണപ്പിരിവ് തുടങ്ങിയവയെച്ചൊല്ലി ഇരു സംഘങ്ങളും തമ്മിൽ നീണ്ട കാലമായി കുടിപ്പക നിലനിന്നിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഹാറൂൺ സൈഫിയുടെ അമ്മാവനായിരുന്നു രാജാ മേവാതി. ഇയാൾ നേരത്തെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ദുറാനിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ. ഇതിന് പ്രതികാരമെന്നോണം ദുറാനിയുടെ അടുത്ത അനുയായി റഷീദ് എന്ന പാനിവാലെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ഹാറൂൺ സൈഫിയേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമീറിന്റെ കൊലപാതകം.
Content Highlights: Notorious gangster Naseem Durrani killed in a joint operation by Delhi Police and Noida STF in Bulandshahr., Durrani was a prime accused in the murder of a youth near Delhi Law Minister Kapil Mishra's office., He had direct links with Dawood Ibrahim's D-Company and Chhota Shakeel., Involved in over 25 criminal cases including murder attempts and conspiracies against high-profile targets.