സൈബർ തട്ടിപ്പ്: മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകൻ നരേഷ് ഗുജ്‌റാളിന് നഷ്ടമായത് 7 കോടി രൂപ

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സൈബർ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുൻ എം.പി. നരേഷ് ഗുജ്‌റാൾ. മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകൻ കൂടിയായ നരേഷ് ഗുജ്‌റാളിന്റെ കമ്പനിയിൽനിന്ന് ഏഴ് കോടി രൂപ സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

നരേഷ് ഗുജ്‌റാളിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ അക്കൗണ്ടിൽനിന്ന് പണം ആവശ്യപ്പെട്ട് ഒരുസംഘം അദ്ദേഹത്തിന്റെ കമ്പനി ജീവനക്കാരന് മെസേജ് അയക്കുകയായിരുന്നു. ആർടിജിഎസ് (Real Time Gross Settlement) വഴി വലിയൊരു തുക നിശ്ചിത അക്കൗണ്ടിലേക്ക് അയക്കാനും നിർദേശിച്ചു. തട്ടിപ്പ് മനസ്സിലാവാത്ത ജീവനക്കാരൻ നാല് തവണയായി 7.8 കോടി രൂപ ഈ അക്കൗണ്ടിലേക്ക് അയച്ചു. ജൂൺ 12നും ജൂൺ 16നും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്.

തട്ടിയ പണത്തിന്റെ കണക്കിൽ ഡൽഹിയിലെതന്നെ ഏറ്റവുംവലിയ സൈബർ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വലിയ തുക അയക്കുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് ബാങ്ക് അധികൃതർ നരേഷിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, നരേഷിന്റെ നിർദേശപ്രകാരമുള്ള നീക്കമാണെന്ന് തോന്നിയതിനെ തുടർന്നാണ് ബാങ്കിന് ക്ലിയറൻസ് നൽകിയത്.

സംഭവത്തിലുൾപ്പെട്ട ജീവനക്കാരൻ നരേഷിന്റെ മകൾ ദിക്ഷ ഗുജ്‌റാളുമായി സംസാരിച്ചതിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സാമ്പത്തിക തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകി. നാല് കോടി രൂപ മരവിപ്പിക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്.

പോലീസ് നടപടികളെ തുടർന്ന് തട്ടിപ്പുകാർക്ക് അയച്ച പണത്തിൽ ഭൂരിഭാഗവും ബ്ലോക്ക് ചെയ്യാൻ സാധിച്ചതായി നരേഷ് പ്രതികരിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ടെക്‌സ്റ്റൈൽസ്, ലെതർ നിർമാതാക്കളുമാണ് ഗുജ്‌റാൾ കുടുംബം.

Content Highlights: Naresh Gujral's company lost ₹7.8 crore to a cyber fraud gang., The scammers impersonated Gujral via profile picture and messaging., Fraud occurred between June 12 and June 16., Police successfully froze ₹4 crore of the stolen funds., Company filed a formal complaint after internal verification.