കേഡലിന് മാനസാന്തരമില്ല, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം

#ആർ. ആനന്തകൃഷ്ണൻ | മാതൃഭൂമി ന്യൂസ്
കേഡല്‍ ജിന്‍സണ്‍ രാജ (ഫയൽചിത്രം )
കേഡല്‍ ജിന്‍സണ്‍ രാജ (ഫയൽചിത്രം )

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം അവസാനിച്ചു . പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശിക്ഷ വിധിക്കും. കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, വിധിയ പറയുന്നതില്‍ പ്രതിയുടെ പ്രായംകൂടി കണക്കിലെടുക്കണം എന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. 

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചുകൊണ്ട് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. അതേസമയം, പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും, അങ്ങനെയല്ല എന്ന് കാണിച്ച് മാനസികാരോഗ്യ വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. 

കേസിലെ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും സാക്ഷി ഇതിന് കൂട്ടുനിന്നുവെന്നും അതിന് അയാള്‍ക്ക് പോലീസില്‍നിന്നും തക്കതായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമുള്ള വാദം പ്രതിഭാഗം മുന്നോട്ടുവെച്ചു. ഇതിനെ, മാനസികപ്രശ്‌നമുള്ളയാള്‍ എങ്ങനെയാണ് കൃത്യമായ ആസൂത്രണത്തോടെ നാല് കൊലപാതകങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യത്തിലൂടെയാണ് പ്രോസിക്യൂഷന്‍ ഖണ്ഡിച്ചത്. കൊലപാതകം ചെയ്തതിലും, അതിനായി നടത്തിയ മുന്നൊരുക്കങ്ങളിലും, അതിനുശേഷം രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളിലും പ്രതി കൃത്യമായ ആസൂത്രണം നടത്തിയിട്ടുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടതാണെന്നുള്ള വാദവും പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചു. 

മാതാപിതാക്കളേയും വൃദ്ധയായ ഒരു സ്ത്രീയേയും അടക്കം കൊലചെയ്ത പ്രതി ഒരുതരത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ല, മാനസാന്തരത്തിനുള്ള യാതൊരു സാധ്യതയും ഇയാള്‍ കാണിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ അവസാനിച്ചുകഴിഞ്ഞു.  ഉച്ചയ്ക്ക് 1.15-ഓടെ വീണ്ടും ചേര്‍ന്ന ശേഷമായിരിക്കും കോടതി ഈ കേസില്‍ വിധി പറയുക. 

Content Highlights: nanthancode murder case kedal jenson raja trial at thiruvananthapuram sessions court