20 വര്ഷം ഒളിവില്; ഒടുവില് കൊലക്കേസ് പ്രതിയെ അറസ്റ്റുചെയ്ത് ഡല്ഹി പോലീസ്

ന്യൂഡല്ഹി: വ്യവസായിയെ കൊലപ്പെടുത്തിയ കേസില് ഇരുപത് വര്ഷം ഒളിവില് കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്ഹി പോലീസ്. 2004- ല് രമേശ് ചന്ദ് ഗുപ എന്ന ഡല്ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്. ഉത്തര്പ്രദേശിലെ മെയിന്പുരിയില് ഗുര്ദയാല് എന്ന് പേരു മാറ്റി ചോലെ ബട്ടൂരെ വിറ്റ് ഒളിവില് കഴിയുകയായിരുന്നു പ്രതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു അന്വേഷണം.
പ്രതി പേരു മാറ്റി മെയിന്പുരിയിലെ രാംലീല മൈതാനിയില് ചോലെ ബട്ടൂരെ വിറ്റു ജീവിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് കിട്ടിയ ആദ്യ വിവരം. രണ്ട് ദിവസം കഴിഞ്ഞ്, ഇയാള് ഗുര്ദയാല് ചോലവാല എന്ന പേരിലാണ് കഴിയുന്നതെന്നും അറിയാന് കഴിഞ്ഞു. പ്രതിയെ പിടികൂടാനായി മാമ്പഴം വില്പ്പനക്കാരനായി വേഷമിട്ട് പ്രദേശത്ത് കച്ചവടം നടത്തിയ എ.എസ്.ഐ സോനു നൈന് രണ്ടു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില് ആദ്യം തന്റെ പേര് ഗുര്ദയാല് എന്ന് ഇയാള് കള്ളം പറഞ്ഞെങ്കിലും പിന്നീട് തുടര്ന്നുള്ള ചോദ്യം ചെയ്യലില് യഥാര്ഥ വ്യക്തിത്വം വെളിപ്പെടുത്താന് തയ്യാറാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര് രാകേഷ് പവാരിയ പറഞ്ഞു.
2004 ഒക്ടോബര് 31-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാലിമാര് ബാഗിലെ വീട്ടില് നിന്ന് പുറപ്പെട്ട ധാന്യ വ്യവസായിയായിരുന്ന രമേഷ് ചന്ദ് ഗുപ്ത വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. പല തവണ വിളിച്ചിട്ടും ഫോണ് എടുക്കാതായതോടെ വീട്ടുകാര് ഷാലിമാര് ബാഗ് പോലീസ് സ്റ്റേഷനില് വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്തെ മറ്റൊരു പഴക്കച്ചവടക്കാരൻ മുകേഷ് വാട്സിനെ കുടുംബം സംശയിച്ചിരുന്നു. പിന്നീട് രമേഷ് ഗുപ്തയുടെ കാര് ഗുരുഗ്രാമിലെ ബഹദുര്ഗഢ് പോലീസ് സ്റ്റേഷനില് ഉപേക്ഷിച്ച നിലയില് കണ്ടെത്തുകയും ചെയ്തു.
ഒടുവില്, കുടുംബം സംശയം പ്രകടപ്പിച്ച വ്യവസായി മുകേഷിനെ പോലീസ് കണ്ടെത്തി. രമേഷ് ചന്ദ് ഗുപ്തയെ തട്ടിക്കൊണ്ടു പോയതും കൊന്നതും താനും മറ്റു നാലു പേരും ചേര്ന്നാണെന്ന് മുകേഷ് സമ്മതിക്കുകയായിരുന്നു. സിപാഹി ലാല്, ഷരീഫ് ഖാന്, കമലേഷ, രാജേഷ് എന്നിവരായിരുന്നു മറ്റു നാലുപേര്. മുകേഷ് വാട്സിനെയും ഷരീഫ് ഖാനെയും അജീവനാന്ത തടവുവിന് വിധിച്ച കോടതി ഒളിവില് പോയ സിപാഹി ഉള്പ്പെടുന്ന മറ്റു മൂന്നു പേരെ കുറ്റക്കാരായി പ്രഖ്യാപിച്ചു.
സംഭവം നടക്കുന്ന ദിവസം രമേശ് ഗുപ്തയെ മുകേഷ് വാട്സ് റൂമിലേക്ക് വിളിച്ചുവരുത്തി ലായിനി ഉപയോഗിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കത്തികൊണ്ട് കുത്തികൊല്ലുകയായിരുന്നു. മൃതദേഹം ചാക്കിലാക്കി ഗ്രാമത്തിലെ ഓടയില് ഉപേക്ഷിക്കുകയും ചെയ്തു.
Content Highlights: murder case accused arrested after 20 years as chola batture vendor