ഓട്ടോറിക്ഷ തട്ടിയതില്‍ തര്‍ക്കം; മുംബൈയില്‍ മാതാപിതാക്കളുടെ മുന്നില്‍ മകനെ മര്‍ദ്ദിച്ചു കൊന്നു

മുംബൈ: ഓട്ടോറിക്ഷ തട്ടിയതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിന്‍ദോഷിക്ക് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ഒരു ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഓട്ടോയിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. ആകാശ് മൈന്‍ എന്ന 27-കാരനാണ് കൊല്ലപ്പെട്ടത്.
മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഓട്ടോയെ മറികടന്നത്. ഇവരുടെ കാര്‍ പിന്തുടര്ന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. മകനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിന്റെയും വീഡിയോയാണ് പ്രചരിക്കുന്നത്. കൈ കൂപ്പുന്ന പിതാവിനേയും വകവെയ്ക്കാതെ യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികള്‍ ശ്രമിക്കുന്നതും ഇതില്‍ ദൃശ്യമാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ പൊലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Mumbai Road Rage Turns Deadly, Man Beaten To Death In Front Of Family