ബാബാ സിദ്ദിഖി വധം: 4 പോലീസുകാര്‍, 25 ദിവസത്തെ പ്രയത്നം, പ്രതിയെ പിടികൂടിയത് വനത്തിനുള്ളിൽ നിന്ന്

മുംബൈ: ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതി ശിവ്കുമാറിനെ പിടികൂടിയതിനു പിന്നില്‍ നാലു പോലീസുകാരുടെ 25 ദിവസത്തെ പ്രയത്നം. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അമോല്‍ മാലി, സബ് ഇന്‍സ്പെക്ടര്‍ സ്വപ്നില്‍ കാലെ, കോണ്‍സ്റ്റബിള്‍മാരായ വികാസ് ചവാന്, മങ്കേഷ് സാവന്ത് എന്നിവര്‍ ഉത്തര്‍പ്രദേശിലെ ഗ്രാമമായ ബഹ്റായ്ച്ചില്‍ ചെലവഴിച്ചാണ് ശിവ് കുമാറിനെ പിടികൂടിയത്.
ബാബാ സിദ്ദിഖിക്കു നേരേ വെടിയുതിര്‍ത്ത ശിവ്കുമാര്‍ ഓടിരക്ഷപ്പെട്ടതിനുപിന്നാലെ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നാണ് നാല് പോലീസുകാരുടെ സംഘത്തെ ശിവയെ കണ്ടെത്താനുള്ള ദൗത്യത്തിന് നിയോഗിച്ചത്. ഇവര്‍ ബഹ്റായ്ച്ചിലുള്ള ഗ്രാമത്തില്‍പ്പോയി ശിവ്കുമാര്‍ അടുത്തിടപഴകുന്നവര്‍ ആരാണെന്ന് കണ്ടെത്തി ഇയാളെ വലയിലാക്കുകയായിരുന്നു.
ശിവ്കുമാറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 45 പേരുടെ പട്ടിക തയ്യാറാക്കി. അത് ബഹ്റായ്ച്ച് നിവാസികളായ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര സിങ് എന്നീ നാലു പേരിലേക്ക് ചുരുക്കി. ഇവര്‍ ശിവയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സംശയം തോന്നി അവരെ നിരീക്ഷിച്ചു.
തുടര്‍ന്ന് പോലീസുകാര്‍ ക്രൈംബ്രാഞ്ചിന്റെ സഹായം തേടുകയും 21 ഉദ്യോഗസ്ഥരെക്കൂടി സംഘാംഗങ്ങളാക്കുകയും ചെയ്തു. ശനിയാഴ്ച സംഘം പ്രതികളായ നാലുപേരെയും അവരുടെ വീടുകളില്‍ തടവിലാക്കി. പിന്നീട് ഇവരെയുംകൂട്ടി ശിവ താമസിച്ചിരുന്ന വനത്തിനുള്ളിലെ കുഗ്രാമത്തിലെത്തുകയായിരുന്നു. ശിവ അപ്പോള്‍ കുടിലില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് അവിടെ എട്ട് മണിക്കൂര്‍ ക്യാമ്പ് ചെയ്യുകയും ഇയാള്‍ എത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്ന് ഡി.സി.പി. ദത്ത നലവാഡെ പറഞ്ഞു.
അഞ്ചുപ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസില്‍ വെടിയുതിര്‍ത്തതില്‍ പ്രധാനിയായ ശിവ്കുമാറിനെയും മറ്റ് നാലുപേരെയും നവംബര്‍ 19 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Content Highlights: mumbai police captured key accused in baba siddique murder in 25 days