ലക്ഷ്യം ആമിർ ഖാൻ; രാജ്യത്തിനുപുറത്തുപോയതിനാൽ പദ്ധതി ഉപേക്ഷിച്ചു, പകരം ടൈഗർ ഷ്‌റോഫ്, വെളിപ്പെടുത്തി മുംബൈ പോലീസ്

#ന്യൂസ് ഡെസ്ക്
ആമിർ ഖാൻ, ടൈഗർ ഷ്രോഫ്, പിടിയിലായ പ്രതികള്‍ | PHOTO: PTI
ആമിർ ഖാൻ, ടൈഗർ ഷ്രോഫ്, പിടിയിലായ പ്രതികള്‍ | PHOTO: PTI

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരെ മുംബൈയിലുണ്ടായ വെടിവെപ്പിൽ ആക്രമികളുടെ യഥാർഥ ലക്ഷ്യം നടൻ ആമിർ ഖാനായിരുന്നുവെന്ന് വെളിപ്പെടുത്തി മുംബൈ പോലീസ്. ലോറൻസ് ബിഷ്ണോയ് സംഘം മുംബൈയിലേക്ക് അയച്ച ആക്രമികൾ ആമിർ ഖാന്റെ വസതിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആഴ്ചകളോളം നിരീക്ഷണം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ജൂലായ് മാസത്തിൽ, ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയ് സംഘാംഗമെന്ന് അവകാശപ്പെടുന്ന അർസൂ ബിഷ്ണോയ് സോഷ്യൽ മീഡിയയിലൂടെ ആമിറിന് നേരെ ഭീഷണി ഉയർത്തിയിരുന്നു. ആമീർഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം സനാതന ധർമത്തിനും രാജ്യത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നുമായിരുന്നു ഭീഷണി. ആമിർ ഖാനെ ലക്ഷ്യമിട്ടത് ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഹരിയാനയിൽനിന്ന് സെപ്റ്റംബർ 20-ന് മുംബൈയിലെത്തിയ ആക്രമികളായ ഫൂൽ സിങ്ങും റെഹാൻ അൻസാരിയും ബാന്ദ്ര ഈസ്റ്റിൽ താമസിച്ച് ആമിർ ഖാന്റെ വീടിന് സമീപം നിരീക്ഷണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ആമിർ ഖാൻ സിനിമാ ചിത്രീകരണങ്ങൾക്കായി രാജ്യത്തിന് പുറത്തുപോകുന്നതിനാലും വീട്ടിലുള്ളപ്പോൾ ദിവസങ്ങളോളം പുറത്തിറങ്ങാത്തതിനാലും അദ്ദേഹത്തെ ആക്രമിക്കുക എളുപ്പമല്ലെന്ന് സംഘം മനസിലാക്കി. ആമിർ ഖാനെ ലക്ഷ്യംവെച്ചിട്ട് ഫലമുണ്ടാകില്ലെന്ന് കണ്ടതോടെ, ആക്രമികൾ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റ് എന്ന ഗുണ്ടാനേതാവുമായി ബന്ധപ്പെടുകയും ലക്ഷ്യം ടൈഗർ ഷ്‌റോഫിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു.

ബാന്ദ്രയിലും അന്ധേരിയിലുമുള്ള ബോളിവുഡ് അഭിനേതാക്കളുടെ വീടുകൾ കാണാനെന്ന വ്യാജേനയാണ് സംഘം ടാക്സി വിളിച്ചത്. ഇതിലൂടെ ടൈഗർ ഷ്‌റോഫിനെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ടൈഗറിൻ്റെ ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ അദ്ദേഹത്തിൻ്റെ ദിനചര്യകളും സുരക്ഷാ സംവിധാനങ്ങളും സംഘം വിലയിരുത്തി. ഞായറാഴ്ചകളിൽ ജൂഹുവിലെ പുഷ്പ നർസീ ഗ്രൗണ്ടിൽ ടൈഗർ ഷ്‌റോഫ്, ഫുട്ബോൾ കളിക്കാൻ എത്തുന്നത് മനസ്സിലാക്കിയാണ് ആക്രമികൾ പുതിയ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് ഒക്ടോബർ 18-ന് വൈകുന്നേരം ഏഴ് മണിയോടെ പുഷ്പ നർസീ ഗ്രൗണ്ടിന് പുറത്തുവെച്ച് ഫൂൽ സിങ്, റെഹാൻ അൻസാരി, ഹൃതിക് മഹ്തോ എന്നിവരടങ്ങുന്ന സംഘം വെടിവെപ്പ് നടത്തുകയായിരുന്നു.

അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തു. ആക്രമണത്തിൽ ടൈഗർ ഷ്‌റോഫിന്റെ ഡ്രൈവർ ഫിർദൗസ് ഇബ്രാഹിം ബലൂച്ചിനും സമീപത്തുണ്ടായിരുന്ന വ്ലോഗർ ഉമേഷ് ചൗഹാനും പരിക്കേറ്റിരുന്നു. ടൈഗർ ഷ്രോഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെടിവെപ്പിന് ശേഷം കടന്നുകളഞ്ഞ മൂന്ന് പ്രതികളെയും രാജസ്ഥാനിലെ കോട്ടയിൽ വെച്ച് ട്രെയിനിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റ് ഓഡിയോ സന്ദേശത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Content Highlights: Mumbai Police confirmed Aamir Khan was the original target of the Lawrence Bishnoi gang in the Mumbai shooting incident., Attackers shifted their target to Tiger Shroff after finding Aamir Khan's residence too heavily guarded., Three accused were arrested from a train in Kota, Rajasthan, following the shooting near Juhu ground., US-based gangster Anil Pandit claimed responsibility for the attack via audio message.