'തായ്‌ലാന്‍ഡിൽ പോയത് കുടുംബം അറിയരുത്'; പാസ്‌പോര്‍ട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51-കാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

മുംബൈ: പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് 51-കാരന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. പൂണെ സ്വദേശിയായ വിജയ് ഭലേറാവുവിനെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കിലേക്ക് നടത്തിയ യാത്രകള്‍ കുടുംബം അറിയാതിരിക്കാനാണ് 51-കാരന്‍ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിക്കളഞ്ഞതെന്ന് പോലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ വിജയ് ഭലേറാവുവിനെ പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ അധികൃതരാണ് തടഞ്ഞുവെച്ചത്. ഇയാളുടെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിക്കളഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ബാങ്കോക്ക് യാത്രകളുടെ വിവരം കുടുംബം അറിയാതിരിക്കാന്‍ താന്‍ തന്നെയാണ് പേജുകള്‍ കീറിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. 

പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് ബിഎന്‍എസ് പ്രകാരവും പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 

Content Highlights: A 51-year-old man was arrested at Mumbai airport for tearing pages from passport to hide bangok trip