കുട്ടികളെ ബന്ദികളാക്കിയത് 2 കോടിക്കുവേണ്ടി; പ്രചോദനം ബോളിവുഡ് സിനിമകൾ; സർക്കാർ വഞ്ചിച്ചെന്ന് ‘സിനിമാ സംവിധായകൻ’

രക്ഷാപ്രവർത്തനത്തിനെത്തിയ സുരക്ഷാ സേന, ഇൻസൈറ്റിൽ പ്രതി രോഹിത് ആര്യ | Photo: ANI
രക്ഷാപ്രവർത്തനത്തിനെത്തിയ സുരക്ഷാ സേന, ഇൻസൈറ്റിൽ പ്രതി രോഹിത് ആര്യ | Photo: ANI

മുംബൈ: പതിനേഴോളം കുട്ടികളേയും രണ്ട് മുതിർന്നവരേയും ബന്ദികളാക്കി മണിക്കൂറോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ പ്രതിയെ കഴിഞ്ഞ ദിവസം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. എന്തിനായിരുന്നു ഇയാൾ കുട്ടികളെ ബന്ദികളാക്കിയത് എന്ന കാര്യം വ്യക്തമായിരുന്നില്ല. ഇയാൾ പുറത്തുവിട്ട വീഡിയോയിലും അവ്യക്തത ഉണ്ടായിരുന്നു. എന്നാൽ, ഇയാളുടെ ഭാര്യയും പോലീസ് വൃത്തങ്ങളും പറയുന്നതനുസരിച്ച് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിക്കാത്തതാണ് ഇത്തരത്തിൽ ഒരു കടുംകൈയ്യിലേക്ക് പ്രതിയെ നയിച്ചതെന്നാണ്.

സർക്കാരിൽനിന്ന് ലഭിക്കേണ്ട രണ്ടു കോടി രൂപയ്ക്കുവേണ്ടിയാണ് ഇയാൾ കുട്ടികളെ ബന്ദികളാക്കിയതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ ചിലരോട് തനിക്ക് സംസാരിക്കാനുണ്ടെന്നും അവരുടെ മറുപടിക്കും ചോദ്യങ്ങൾക്കും മറു ചോദ്യങ്ങളുണ്ടെന്നും പ്രതി കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് ആരോടാണ് എന്താണ് കാര്യം എന്നതൊന്നും വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഇത് സർക്കാരുമായി ബന്ധപ്പെട്ട പദ്ധതിയെച്ചൊല്ലിയായിരുന്നു കുട്ടികളെ ബന്ദികളാക്കിക്കൊണ്ടുള്ള വിലപേശലിലേക്ക് നീങ്ങിയതെന്നാണ് വിവരം.

കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ, 'മാജി ശാല, സുന്ദർ ശാല' എന്ന സ്കൂൾ വികസനപദ്ധതിയുടെ ക്രെഡിറ്റ് സർക്കാർ നിഷേധിച്ചുവെന്നാരോപിച്ച് നേരത്തെ പ്രതിഷേധിച്ചിരുന്നു. ആര്യ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തനിക്ക് പണംവേണ്ടെന്നും ചില ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും പറഞ്ഞിരുന്നു. എന്നാൽ, തന്റെ ആവശ്യങ്ങളുടെ കൃത്യമായ സ്വഭാവമോ പ്രവൃത്തികൾക്ക് പിന്നിലെ ഉദ്ദേശ്യമോ ഇയാൾ വ്യക്തമാക്കിയില്ല.

പുണെ സ്വദേശിയായ ചലച്ചിത്ര സംവിധായകനായി അറിയപ്പെടുന്ന രോഹിത് ആര്യ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറുടെ കാലത്ത് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഒരു സ്കൂളുമായി ബന്ധപ്പെട്ട പ്രോജക്ടിനായി ടെൻഡർ നേടിയിരുന്നു. അപ്സര മീഡിയ എന്റർടെയ്ൻമെന്റ് നെറ്റ്വർക്കിന്റെ നേതൃത്വത്തിലായിരുന്നു സർക്കാരിൽ നിന്ന് ഈ പദ്ധതി അദ്ദേഹം ഏറ്റെടുത്തത്. എന്നാൽ, ഈ പദ്ധതിയിൽ താൻ ഉൾപ്പെട്ടിട്ടും ഒരിക്കലും തന്റെ ജോലിക്ക് പ്രതിഫലംലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചു. ഈ വിഷയത്തിൽ നിരാശനായിരുന്ന ഇയാൾ കേസാർക്കറുടെ വസതിക്ക് പുറത്ത് ഒട്ടേറെ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

മഹാരാഷ്ട്ര സർക്കാർ തന്റെ യഥാർഥ ആശയമായ 'മാജി ശാല, സുന്ദർ ശാല' നടപ്പിലാക്കിയതിന് തനിക്ക് അർഹമായ അംഗീകാരമോ പ്രതിഫലമോ നൽകാതെയാണെന്ന് ആര്യ ആരോപിച്ചിരുന്നു. 'ലെറ്റ്‌സ് ചേഞ്ച്' എന്ന സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തന്റെ ഈ ആശയമെന്നും രോഹിത് പറഞ്ഞിരുന്നു. തന്റെ ആശയം മാത്രമല്ല, ഈ സിനിമയുടെ അവകാശവും സർക്കാർ തട്ടിയെടുത്തെന്ന് ഇയാൾ അവകാശപ്പെട്ടു. ജോലിപൂർത്തിയാക്കാൻ അവർ തന്നെ ഉപയോഗിച്ചു, പക്ഷേ അതിനുശേഷം അവർ എന്നെ അടിച്ചമർത്താൻ ശ്രമിച്ചെന്ന് ഇയാൾ കുറ്റപ്പെടുത്തിയിരുന്നു.

Photo Courtesy: x.com/nabilajamal_

2022 മുതൽ സംസ്ഥാന വിദ്യാഭ്യാസപരിപാടിയുടെ കീഴിൽ ഇത് നടപ്പിലാക്കിയെന്നും പിന്നീട് തന്റെ സംഭാവന പൂർണമായും സർക്കാർ നിഷേധിച്ചുവെന്നും ഇയാൾആരോപിച്ചിരുന്നു. അവർ എനിക്ക് ക്രെഡിറ്റോ പണമോ നൽകിയില്ല; അവർ എന്റെ മുഴുവൻ നിലനിൽപ്പിനെയും നിരാകരിച്ചു -രോഹിത് പറഞ്ഞിരുന്നു. നീതിയും അംഗീകാരവും തേടിയുള്ള ശ്രമങ്ങളുടെ ഭാഗമായി രോഹിത് ഒട്ടേറെ പ്രതിഷേധങ്ങൾ നടത്തുകയും ഒരുമാസം നീണ്ടുനിന്ന നിരാഹാരസമരം നടത്തുകയുംചെയ്തിരുന്നു.

രോഹിതിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ദീപക് കേസാർക്കർ ഉറപ്പുനൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മന്ത്രി ദീപക് കേസാർക്കർ വീട്ടിൽ എന്നെ കാണാൻവന്നു, തന്റെ ആശങ്കകൾ മനസ്സിലാക്കി, താൻ തെറ്റുകാരനല്ലെന്ന് പറഞ്ഞുവെന്നും രോഹിത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സ്കൂൾ വിദ്യാഭ്യാസവകുപ്പിന്റെ ജോയിന്റ് സെക്രട്ടറി മഹാജൻ തന്നോട് പറഞ്ഞത് തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് സംഭവിച്ചുവെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നുവെന്ന് രോഹിത് ആരോപിച്ചിരുന്നു. ‘മാജി ശാല, സുന്ദർ ശാല' എന്ന പദ്ധതിക്കായി രണ്ടുകോടി രൂപയുടെ ബജറ്റ് പോലും കേന്ദ്ര സാർക്കർ അംഗീകരിച്ചുവെന്നും രോഹിത് ആര്യ അവകാശപ്പെട്ടിരുന്നു.

17 കുട്ടികൾ തോക്കിൻമുനയിൽ

സിനിമകളിലെ തിരക്കഥപോലെ നടന്ന ബന്ദിയാക്കലിൽ വ്യാഴാഴ്ച മുംബൈനഗരം മുൾമുനയിലായി. പ്രതി രോഹിത് ആര്യയെ കീഴ്‌പ്പെടുത്തി, ബന്ദികളാക്കിയ 17 കുട്ടികളെയും മറ്റു രണ്ടുപേരെയും പരിക്കുപോലും ഏൽക്കാതെ രക്ഷിച്ച മുംബൈ പോലീസിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

Photo: PTI

പവായിൽ എൽആൻഡ്‌ടിക്ക് സമീപമുള്ള ആർഎ സ്റ്റുഡിയോയിൽ അനിശ്ചിതത്വം ഒരുമണിക്കൂറിലധികം നീണ്ടുനിന്നു. കുട്ടികളെ ഇവിടെ ബന്ദികളാക്കിയ വാർത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40-ന് ഫ്ളാഷുകളായി ടിവികളിൽ വന്നുതുടങ്ങിയതോടെ പരിഭ്രാന്തരായ മാതാപിതാക്കളും മറ്റുള്ളവരും ഇവിടെ തടിച്ചുകൂടി. പോലീസ് സന്നാഹം ഇരച്ചെത്തി. കുട്ടികളെ ബന്ദികളാക്കിവെച്ച രോഹിത് ആര്യയുമായി സന്ധിസംഭാഷണത്തിന് വിദഗ്ധരായ വ്യക്തികളെയും പോലീസ് നിയോഗിച്ചു.

സ്റ്റുഡിയോയുടെ താഴത്തെ നിലയിലുള്ള ഗ്ലാസ് ജനാലകളിലൂടെ കുട്ടികൾ ഭയചകിതരായി നോക്കിനിൽക്കുന്ന കാഴ്ചയായിരുന്നു ദൃക്‌സാക്ഷികൾക്ക് പറയാനുണ്ടായിരുന്നത്. അഭിനയമികവ് പരിശോധിക്കാൻ നടത്തിയ ഓഡിഷനിനിടെയാണ് സംഭവം. ദിവസങ്ങളായി ആര്യ ഇവിടെ ഓഡിഷനുകൾ നടത്തിവരുകയായിരുന്നു. അഭിനയത്തിൽ വലിയഭാവി കണ്ട് മാതാപിതാക്കൾ കുട്ടികളെ കൊണ്ടുവരുകയായിരുന്നു.

ഒരു വെബ് സീരീസിനായി സ്റ്റുഡിയോയിൽ ഓഡിഷൻ നടന്നുവരുകയായിരുന്നു. 15 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രതി രോഹിത് ആര്യ വിളിച്ചിരുന്നു. രണ്ടുദിവസമായി ഓഡിഷൻ നടന്നുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Photo: PTI

ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെയായിരുന്നു ഓഡിഷനുകൾ നടന്നിരുന്നത്. നൂറിലധികം കുട്ടികളുണ്ടായിരുന്നു. വ്യാഴാഴ്ച, ആര്യ 80-ഓളം കുട്ടികളെ പോകാൻ അനുവദിച്ചെങ്കിലും രണ്ട് മുതിർന്നപൗരരെയും 17 കുട്ടികളെയും തടഞ്ഞുവെച്ചു. പിന്നാലെ ഒരു വീഡിയോസന്ദേശവും പുറത്തിറക്കിയതോടെ സ്ഥിതി കൂടുതൽവഷളായി.

‘ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാൻ ഒരു പദ്ധതി തയ്യാറാക്കി കുറച്ചുകുട്ടികളെ ബന്ദികളാക്കി... എനിക്ക് വളരെ ലളിതമായ ആവശ്യങ്ങളാണുള്ളത്. വളരെ ധാർമികമായ ആവശ്യങ്ങൾ. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചില ആളുകളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉത്തരങ്ങൾ വേണം. എനിക്ക് മറ്റൊന്നുംവേണ്ട. ഞാൻ ഭീകരവാദിയല്ല, എനിക്ക് പണത്തിന്റെ ആവശ്യവുമില്ല. ലളിതമായ സംഭാഷണങ്ങൾ നടത്തണം’-വീഡിയോ ഇങ്ങനെ പോകുന്നു. ‘നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു തെറ്റായ നീക്കംപോലും ഈ സ്ഥലം മുഴുവൻ കത്തിക്കാൻ പ്രേരിപ്പിച്ചേക്കാം... ഞാൻ മരിച്ചാലും ഇല്ലെങ്കിലും, കുട്ടികൾക്ക് അനാവശ്യമായി പരിക്കേൽക്കും. തീർച്ചയായും ആഘാതമേൽക്കും’...വീഡിയോയിൽ ഇയാൾ പറയുന്നു. സംസ്ഥാനത്തെ സ്കൂളുകളുടെ വികസനത്തിനായി ‘മാജി ശാല, സുന്ദർ ശാല’ എന്ന ഒരു പദ്ധതി രോഹിത് ആര്യ തയ്യാറാക്കിയിരുന്നു. പദ്ധതി സർക്കാർ നടപ്പാക്കി. എന്നാൽ, അതിന്റെ ക്രെഡിറ്റ് സർക്കാർ നിഷേധിച്ചെന്നാരോപിച്ച് ഇയാൾ അസന്തുഷ്ടനായിരുന്നു.

പോലീസ് വേഗത്തിൽ പ്രവർത്തിച്ചു. സംഭവസ്ഥലത്തുനിന്ന് എയർഗണ്ണുകളും രാസവസ്തുക്കളും പോലീസ് കണ്ടെടുത്തു. ഏകദേശം 15 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കൾക്ക് പോലീസ് കൈമാറി.

രോഹിത് ആര്യക്ക് പ്രചോദനമായത് ബോളിവുഡ് ത്രില്ലറുകൾ

രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയ സംഭവം ത്രില്ലർ സിനിമയുടെ നേർസാക്ഷ്യമായി മാറി. ബോളിവുഡിലെ ശ്രദ്ധേയമായ ചില സിനിമകളുടെ കഥാസന്ദർഭങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു സംഭവം. എ വെനസ്ഡേ, മഡാരി തുടങ്ങിയ സിനിമകളുമായി സമാനത കാണാതിരിക്കാൻ പലർക്കും കഴിഞ്ഞില്ല.

വാർത്ത പുറത്തുവന്നയുടനെ, ആര്യ രോഹിത് എന്നയാൾ എ തേസ്‌ഡേ, എ വെനസ്ഡേ, മഡാരി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ കുറ്റകൃത്യത്തിന് മുതിർന്നതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പലരും ആരാഞ്ഞു.

മഡാരി എന്ന ചിത്രത്തിന്റെ പോസ്റ്റർ, പവായ് എൽആൻഡ്ടിക്ക് ­സമീപമുള്ള മഹാവീർ ക്ലാസിക് ബിൽഡിങ്, എ വെനസ്ഡേയുടെ പോസ്റ്റർ | ഫോട്ടോ: ANI, X

എ വെനസ്ഡേ (2008) എന്ന ചിത്രത്തിൽ നസീറുദ്ദീൻ ഷാ അഭിനയിച്ച കഥാപാത്രം ഭീകരാക്രമണങ്ങൾക്ക് പ്രതികാരംചെയ്യാൻ മുംബൈയിലുടനീളം ബോംബുകൾ സ്ഥാപിക്കുകയും പോലീസിന്റെ അലംഭാവത്തെ ചോദ്യംചെയ്യാൻ പൊതുജനത്തെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. 2016-ലെ മഡാരി എന്ന സിനിമയിൽ, അഴിമതി തുറന്നുകാട്ടാനും അധികാരത്തിലിരിക്കുന്നവർ ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്ന്‌ ഓർമ്മിപ്പിക്കാനും ഒരു മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോകുന്നു. സർക്കാരിന്റെ അനാസ്ഥയിൽ പാലം തകർന്ന് മകൻ മരിച്ചതിന് പ്രതികാരമായാണ് ഇർഫാൻ ഖാൻ അവതരിപ്പിച്ച നിർമൽ എന്ന കഥാപാത്രം മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോകുന്നത്. എ തേസ്ഡേ എന്ന സിനിമയിൽ യാമി ഗൗതം 16 കുട്ടികളെ ബന്ദികളാക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്ന രംഗമുണ്ട്.

Content Highlights: A man who held 17 children and 2 adults hostage in Mumbai was killed after police intervention