മുംബൈയിൽ വൻ ലഹരി വേട്ട; 1745 കോടി വിലവരുന്ന 349 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

മുംബൈ: മുംബൈയിൽ വൻ ലഹരിവേട്ട. 1745 കോടി വിലവരുന്ന 349 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ലഹരിശേഖരം പിടിച്ചെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

ലഹരി മാഫിയാ സംഘത്തെ തകർക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് അമിത് ഷാ വിവരം പുറത്തുവിട്ടത്. മുംബൈയിൽ 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയ്ൻ (1745 കോടി രൂപ വിലമതിക്കുന്നത്) പിടിച്ചെടുത്തുകൊണ്ട് നാർക്കോട്ടിക്സ് ബ്യൂറോ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകർത്തതായി അമിത് ഷാ എക്സിൽ കുറിച്ചു.

ഒരു ചെറിയ ചരക്ക് പിടികൂടിയതിൽ നിന്ന് ആരംഭിച്ച അന്വേഷണമാണ് വലിയൊരു ശൃംഖലയെ തന്നെ വലയിലാക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി വേട്ട നടത്തിയ എൻസിബി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Highlights: NCB intercepted 349kg of high-grade cocaine in Mumbai., Estimated market value of the seized drugs is ₹1745 crore., Home Minister Amit Shah confirmed the operation via social media., The bust resulted from an investigation into a smaller drug consignment., One of the largest international drug syndicate operations disrupted in India.