മുംബൈ BMW അപകടം: ശിവസേന നേതാവിന്റെ മകനെ ഒളിവിൽപോകാൻ സഹായിച്ചത് പെൺസുഹൃത്ത്? നേതാവും ഡ്രൈവറും പിടിയിൽ

അപകടമുണ്ടാക്കിയ കാര്‍. ഇന്‍സെറ്റില്‍ പ്രതി മിഹിര്‍ ഷാ, മരിച്ച കാവേരി | Photo Courtesy: x.com/HateDetectors
അപകടമുണ്ടാക്കിയ കാര്‍. ഇന്‍സെറ്റില്‍ പ്രതി മിഹിര്‍ ഷാ, മരിച്ച കാവേരി | Photo Courtesy: x.com/HateDetectors

മുംബൈ: ശിവസേന നേതാവിന്റെ മകന്‍ ഓടിച്ച കാറിടിച്ച് മത്സ്യവില്പനക്കാരി മരിച്ച സംഭവത്തില്‍ പ്രതിക്കായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ഷിന്ദേ വിഭാഗം ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24)യെ കണ്ടെത്താനാണ് മുംബൈ പോലീസ് ആറ് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മിഹിര്‍ ഷാ ഒളിവില്‍പോയിരുന്നു. 

മിഹിര്‍ ഷായെ കണ്ടെത്താനായി മുംബൈ പോലീസ് ഇയാളുടെ പെണ്‍സുഹൃത്തിനെ ചോദ്യംചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. മിഹിര്‍ ഷായ്ക്ക് ഒളിവില്‍പോകാന്‍ സഹായം നല്‍കിയത് പെണ്‍സുഹൃത്താണെന്നാണ് പോലീസിന്റെ സംശയം. അതേസമയം, മിഹിര്‍ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷാ, ഡ്രൈവര്‍ രാജേന്ദ്രസിങ് ബിദാവഡ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതിനാണ് രാജേഷ് ഷായെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. 

ഞായറാഴ്ച പുലര്‍ച്ചെയാണ് മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യൂ. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്‌വാ(45) മരിച്ചത്. അപകടത്തില്‍ കാവേരിയുടെ ഭര്‍ത്താവ് പ്രദീപിന് പരിക്കേറ്റിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സാസൂണ്‍ ഡോക്കില്‍നിന്ന് മത്സ്യം വാങ്ങി ദമ്പതിമാര്‍ സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാര്‍ ഇവരെ ഇടിച്ചിട്ടത്. കാവേരിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയെന്നും ഇവരെ ഏതാനും മീറ്ററുകളോളം വലിച്ചിഴച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ശനിയാഴ്ച അര്‍ധരാത്രിയോടെ ജുഹുവിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചശേഷമാണ് മിഹിര്‍ ഷാ കാറില്‍ യാത്രതിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാറില്‍നിന്ന് ഇയാളെ കൂട്ടാനായി ഡ്രൈവര്‍ കാറുമായി എത്തിയിരുന്നു. വര്‍ളിയില്‍ എത്തിയതോടെ ഡ്രൈവറെ മാറ്റി മിഹിര്‍ വാഹനം ഓടിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അപകടമുണ്ടായത്. 


 

Content Highlights: mumbai bmw car crash case accused mihir shah still absconding