മോനിപ്പള്ളിയിലും ആച്ചിക്കലിലും 'വ്യാഴാഴ്ചക്കള്ളന്മാർ' വിലസുന്നു; 10 ദിവസത്തിനുള്ളിൽ രണ്ടാംവട്ടവും മോഷണ പരമ്പര

മോനിപ്പള്ളി/ ആച്ചിക്കൽ: കോട്ടയം എം.സി. റോഡരുകിൽ ആച്ചിക്കലിലും മോനിപ്പള്ളിയിലും മോഷണപരമ്പര. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മോനിപ്പള്ളിയിലുണ്ടായത് രണ്ട് മോഷണ പരമ്പരകൾ. ഇക്കഴിഞ്ഞ ഒക്ടോബർ 29-നാണ് മോനിപ്പള്ളിയിലെ നാല് കടകളിൽ കള്ളൻ കയറിയത്. കാര്യമായ അടച്ചുറപ്പില്ലാത്ത കടകളിലാണ് അന്ന് കയറിയത്. ഒരാഴ്ച മുമ്പുള്ള ഒരു വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആ മോഷണം നടന്നത്. തൊട്ടടുത്ത വ്യാഴാഴ്ച രാത്രിയാണ് ആച്ചിക്കൽ സ്കൂളിലും ഉദയഗിരി പള്ളിയിലും കവർച്ച നടന്നത്. വ്യാഴാഴ്ചകൾതോറും മോഷ്ടിക്കാനെത്തുന്ന കള്ളന്മാരെ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ.
തെക്കേടത്ത് രാജേഷിന്റെ പാറു സ്റ്റോഴ്സ് സ്റ്റേഷനറി കട, മേരി മാതാ മത്സ്യവിൽപനശാല, അഞ്ഞൂറാൻസ് തട്ടുകട, വീട്ടിലൂണ് കട എന്നിവിടങ്ങളിലാണ് 29-ന് കവർച്ച നടത്തിയത്. പാറു സ്റ്റോഴ്സിന്റെ വാതിൽ കുത്തി തുറക്കുകയായിരുന്നു. 4000 രൂപയോളം വിലവരുന്ന സിഗരറ്റ്, ബിഡി, 3500 രൂപയോളം പണമായും നഷ്ടപ്പെട്ടു. മേരി മാതാ മത്സ്യ വിൽപനശാലയുടെ വരാന്തയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം വരുന്ന ചില്ലറ മേശ കുത്തിത്തുറന്ന് എടുത്തു.
അഞ്ഞൂറാൻസ് തട്ടുകടയുടെ മേശ കുത്തിതുറന്ന് 750 രൂപയോളം വരുന്ന ചില്ലറ കൊണ്ടുപോയി. വീട്ടിലൂണ് കടയുടെ പുറത്തിരുന്ന സ്റ്റൗവിന്റെ ബർണർ ഊരിക്കൊണ്ടുപോയി. ആച്ചിക്കൽ ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ സ്കൂളിലും ഉദയഗിരി സെയ്ന്റ് ജോസഫ്സ് പള്ളിയിലുമാണ് ഇന്നലെ, വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. സ്കൂളിലെ കമ്പ്യൂട്ടറുകളും ടെലിവിഷനും ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നാശം നേരിട്ടതായാണ് കണക്കാക്കുന്നത്.
മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം സ്കൂളിലെ ക്യാമറയിൽ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്കൂളിന്റെ വാതിൽ, ഗ്രില്ലുകൾ എന്നിവ തകർത്ത നിലയിലാണ്. ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ റൂം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കൾ നാശനഷ്ടം വരുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ നശിപ്പിച്ചു. ക്യാമറ ബന്ധിപ്പിച്ചിരുന്ന ടി.വി.യും തകർത്തു. കമ്പ്യൂട്ടറുകൾ, റൂട്ടർ, ഹാർഡ് ഡിസ്ക് എന്നിവ തകരാറിലാക്കുകയും മറ്റ് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
ഓഫീസ് മുറിയിലെ രേഖകൾ വലിച്ചുവാരിയിട്ട നിലയിലാണ്. സ്കൂൾ ബസുകൾക്കുള്ളിലും മോഷ്ടാവ് കയറിയിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.34-ന് മോഷ്ടാവ് സ്കൂൾ ബസ് പരിശോധിക്കുന്ന ദൃശ്യമടക്കമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സ്കൂളിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരം മാത്രമാണ് ആച്ചിക്കൽ പള്ളിയിലേക്കുള്ളത്. പള്ളിയുടെ പിൻഭാഗത്തെ വാതിൽ കല്ല് ഉപയോഗിച്ച് തകർത്ത നിലയിലാണ്.
ശേഷം അകത്ത് കയറിയ മോഷ്ടാവ് നേർച്ചപ്പെട്ടി തകർത്താണ് പണം കവർന്നിരിക്കുന്നത്. രണ്ടിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുറവിലങ്ങാട് പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ പരിശോധനാ വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
സ്റ്റേഷൻ പരിധിയിലിത് മൂന്നാമത്തെ മോഷണം
കുറവിലങ്ങാട്: കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പത്ത് ദിവസത്തിനുള്ളിൽ വലുതും ചെറുതുമായ മൂന്നാമത്തെ മോഷണമാണിത്. 29-ന് പുലർച്ചെ മോനിപ്പള്ളിയിലെ നാല് കടകളിൽ കള്ളൻ കയറിയിരുന്നു. 30-ന് രാത്രി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ, ഉഴവൂരിലെ എസ്.എസ്. പെട്രോളിയത്തിനുള്ളിൽ നിന്ന് 1.73 ലക്ഷം രൂപയാണ് കവർന്നത്. മോഷണങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: A series of thefts occurred in Monippally and Achickal, with incidents reported on consecutive Thursdays, causing distress among residents. Multiple shops in Monippally were burgled on October 29, resulting in the loss of cash and goods, while significant damage and theft occurred at Achickal's school and church. Police have initiated a detailed investigation, collecting evidence and suspecting a single perpetrator, with assistance from dog squads and forensic experts.