കോട്ടയം നഗരസഭയിലെ കോടികളുടെ തട്ടിപ്പ്: സാമ്പത്തിക രേഖകൾ കാണാനില്ല, അന്വേഷണസംഘം തമിഴ്നാട്ടിൽ

• ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നേതൃത്വത്തിൽ നഗരസഭയിൽ പരിശോധന നടത്തുന്നു
• ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നേതൃത്വത്തിൽ നഗരസഭയിൽ പരിശോധന നടത്തുന്നു

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകിയ അവിശ്വാസപ്രമേയം 29-ന് ചർച്ചയ്ക്കെടുക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അനുമതി നൽകി.നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർക്കെതിരേയാണ് പ്രതിപക്ഷത്തെ 21 സി.പി.എം. കൗൺസിലർമാർ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അധ്യക്ഷയ്ക്കെതിരായ അവിശ്വാസം രാവിലെ ഒൻപതിനും വൈസ് ചെയർമാനെതിരായ അവിശ്വാസം ഉച്ചയ്ക്ക് രണ്ടിനും നഗരസഭാ കൗൺസിൽ ഹാളിൽ ചേരുന്ന യോഗം പരിഗണനയ്ക്കെടുക്കും.

അന്വേഷണസംഘം തമിഴ്നാട്ടിൽ

കോടികൾ തട്ടിയെടുത്ത് നാടുവിട്ട നഗരസഭാ ജീവനക്കാരൻ അഖിൽ സി.വർഗീസിനെത്തേടി അന്വേഷണസംഘം തമിഴ്നാട്ടിൽ. സ്വന്തം മൊബൈൽ ഫോൺ ഓഫാക്കി മറ്റ് നമ്പരുകളിൽനിന്നും ഇന്റർനെറ്റ് കോളുകൾ മുഖേനയും ഇയാൾ പലരുമായും ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇയാൾക്കായി വലവിരിച്ചിട്ടുണ്ട്.അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നഗരസഭയിലെ സാമ്പത്തിക രേഖകൾ പരിശോധിച്ചുവരുകയാണ്. രണ്ടര കോടിയോളം രൂപയുടെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.

തട്ടിപ്പ്സംബന്ധിച്ച ചില നിർണായക വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. അതിനിടെ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമങ്ങളും പ്രതി നടത്തുന്നതായാണ് വിവരം. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാൽ ശക്തമായി എതിർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

നഗരസഭയിൽനിന്ന് എത്ര കോടിയാണ് തട്ടിയെടുത്തതെന്ന് നഗരസഭാ അധികൃതർക്കൊ, ജീവനക്കാർക്കൊ വ്യക്തമായി അറിയില്ല. തട്ടിപ്പ് കണ്ടെത്തി ആഴ്ച കഴിഞ്ഞിട്ടും മൂന്ന് കോടിയോളം രൂപയെന്നല്ലാതെ കൃത്യമായ കണക്കെടുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

സാമ്പത്തികരേഖകൾ കാണാനില്ല

കോടികളുടെ തട്ടിപ്പ് പുറത്തുവന്ന കോട്ടയം നഗരസഭയിൽ കഴിഞ്ഞ രണ്ട് വർഷത്തെ സാമ്പത്തിക രേഖകൾ കാണാനില്ല. ഇതേ തുടർന്ന് പണമിടപാട് സംബന്ധിച്ച രേഖകൾ ബാങ്കിൽനിന്ന് ശേഖരിച്ച് നഗരസഭയിലെ കണക്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പണമിടപാട് സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട് നഗരസഭാ അധികൃതർ ബാങ്കിൽ കത്തുനൽകി.

സാമ്പത്തിക രേഖകളില്ലാത്തതിനാലാണ് അടിയന്തര കൗൺസിൽ വിളിക്കാൻ ഭരണസമിതി ഭയക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പറഞ്ഞു. സാമ്പത്തികവിഭാഗം കൈകാര്യംചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളടങ്ങുന്ന രേഖകളും കാണാതായിരിക്കുകയാണ്. മൂന്ന് ജീവനക്കാരെ സസ്പെൻഡുചെയ്ത നടപടി സാധൂകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം കൗൺസിൽ ചേർന്നത്.

തട്ടിപ്പ് സംബന്ധിച്ച് ചർച്ചചെയ്യാനാണ് യോഗം വിളിക്കേണ്ടത്. അതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതും. എന്നാൽ കോടികളുടെ തട്ടിപ്പ് ഒതുക്കിത്തീർക്കാനാണ് ചില ജീവനക്കാരും ഭരണപക്ഷവും ചേർന്ന് ശ്രമിക്കുന്നത്. യഥാർഥ വസ്തുതകൾ പുറത്തുവരുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഷീജ അനിൽ പറഞ്ഞു.

Content Highlights: money Fraud in Kottayam Municipality