കാർ തടഞ്ഞ് ഭീഷണി: ബസ് ജീവനക്കാരനെതിരേ മറ്റൊരു കേസുകൂടി; സ്ഥിരം കുറ്റവാളി, മുമ്പും സമാനസംഭവങ്ങൾ

കൊച്ചി: കാർ തടഞ്ഞുവെച്ച് ഭീഷണി മുഴക്കിയ ബസ് ജീവനക്കാരൻ മുഹമ്മദ് അൻസാറിനെതിരേ വീണ്ടും കേസ്. ഓഗസ്റ്റ് 22-ന് എറണാകുളത്ത് വെച്ച് കാർ തടഞ്ഞ സംഭവത്തിലാണ് ഇയാൾക്കെതിരേ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം, സമാനമായ മറ്റൊരു സംഭവത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് വീണ്ടും പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതിന് കലൂരിൽവെച്ചാണ് കാർ യാത്രികനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞ് അൻസാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്ന് പരാതി നൽകിയെങ്കിലും പോലീസ് അനങ്ങിയില്ല. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചശേഷം ഒരുമാസത്തോളം വൈകിയാണ് പോലീസ് അൻസാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇയാളെ പിടിക്കാൻ ബസിനുള്ളിൽ കയറിയ പോലീസ് സംഘത്തിന് നേരേയും അൻസാർ അക്രമം നടത്തി. നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ. സുനിൽ ജലീലിനെ തള്ളിയിട്ടു. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എ.എസ്.ഐ.യുടെ വലത് കീഴ്‌ചുണ്ടിന് മുറിവും കൈത്തണ്ടയിൽ ചതവുമുണ്ടായി. രണ്ടു സംഭവത്തിലും നിസ്സാര വകുപ്പിട്ടാണ് നോർത്ത് പോലീസ് കേസെടുത്തത്.
പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കേരള പോലീസ് ആക്ട് 117 ഇ പ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന നിസ്സാര വകുപ്പാണ് ചുമത്തിയത്. പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ബി.എൻ.എസ്. 132 പ്രകാരമെങ്കിലും കേസെടുക്കേണ്ടതായിരുന്നു എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അ തേസമയം, പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ സഹായിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നുമാണ് പോലീസിന്റെ ഭാഷ്യം.
ഓഗസ്റ്റ് ഒമ്പതിലെ സംഭവത്തിനു ശേഷമാണ് ഓഗസ്റ്റ് 22-ന് എറണാകുളം പാലാരിവട്ടം പാടിവട്ടത്തുവെച്ച് മറ്റൊരു കാർ യാത്രക്കാരനെയും തടഞ്ഞുനിർത്തി അൻസാർ ഭീഷണിപ്പെടുത്തുകയും അശ്ലീല ആംഗ്യങ്ങൾ കാട്ടുകയും ചെയ്തത്.
ബസിന്റെ ഗതാഗത നിയമലംഘനം ചോദ്യംചെയ്തതിന് കാർ യാത്രക്കാരനായ റെജിൻസിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. കാർ തടഞ്ഞ് നിർത്തുകയും ബോണറ്റിൽ പല തവണ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവം നടക്കുമ്പോൾത്തന്നെ പോലീസിനെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ബസിന് പിഴയിട്ട് നടപടി അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തത്. പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കാതിരുന്നതോടെ സിറ്റി പോലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതിനൽകി.
അതിനിടെ, റെജിൻസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഓഗസ്റ്റ് ഒമ്പതിലെ സംഭവം ചർച്ചയായതോടെ റെജിൻസ് സാമൂഹിക മാധ്യമത്തിൽ തനിക്കുണ്ടായ അനുഭവം പോസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് മൊഴിയെടുക്കാനായി പരാതിക്കാരനെ തൃക്കാക്കര സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
Content Highlights: Mohammed Ansar booked again for blocking a car and threatening a motorist in Padamugal on August 22., Previously arrested for a similar road rage incident in Kaloor on August 9 involving an NRI family., Accused assaulted a police officer during the arrest, yet faced minimal charges and secured bail easily., Victims escalated complaints to the City Police Commissioner and Chief Minister following police inaction.