ആദ്യം ഭർത്താവ്, പിന്നാലെ ഭാര്യയും; തൃശ്ശൂരിൽനിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ

ആന്റോ,ജിസ്സു
ആന്റോ,ജിസ്സു

തൃശ്ശൂര്‍: കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ്മുറിയില്‍വെച്ച് ജീവനൊടുക്കിയെന്നാണ് വിവരം. 

ജൂണ്‍ 22-ാം തീയതി മുതലാണ് ദമ്പതിമാരെ വെസ്റ്റ് കൊരട്ടിയില്‍നിന്ന് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആന്റോ ജീവനൊടുക്കിയെന്നവിവരം ലഭിച്ചത്. വേളാങ്കണ്ണിയിലെത്തിയ ദമ്പതിമാര്‍ അവിടെ ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞദിവസം ആന്റോയെ വിഷംകഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് ആന്റോയെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യയും കൂടെയുണ്ടായിരുന്നു. ആന്റോ മരണപ്പെട്ടവിവരം നാട്ടില്‍ വിളിച്ചറിയിച്ചതും ഭാര്യയായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ഭാര്യയെയും വിഷം കുത്തിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ജിസ്സു മരിച്ചവിവരം നാട്ടിലറിഞ്ഞത്. 

ദമ്പതിമാര്‍ക്ക് മക്കളില്ല. ഇവര്‍ക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)


 

Content Highlights: missing couple from koratty thrissur found dead in velankanni