നടപ്പാതയിൽനിന്ന് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
Photo: AI generated image
Photo: AI generated image

ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റൗളിയിൽ റോഡരികിൽ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന 10 വയസുകാരിയെ ടാക്‌സി ഡ്രൈവർ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. പ്രതിയെ പോലീസ് പിടികൂടി. പെൺകുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം, ബിഹാർ സ്വദേശികളായ പെൺകുട്ടിയും കുടുംബം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അത് നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അവർ നടപ്പാതയിൽ താമസിക്കാൻ തുടങ്ങിയത്.

കുട്ടിയുടെ മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ്. ഇവരെ സഹായിക്കുന്നതിനായി കുട്ടിയും വഴിയോരത്ത് ബലൂൺ വിറ്റിരുന്നു. പത്തുവയസുകാരി ഉൾപ്പെടെ നാല് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ അറിയുന്നത്. ഉടൻതന്നെ അവർ പരിസരത്തൊക്കെ അന്വേഷിച്ചു.

രാവിലെ ഏഴുമണിയോടെയാാണ് മകളെ കാണാനില്ലെന്ന് പറഞ്ഞത് ഇവർ പോലീസിനെ സമീപിച്ചത്. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് മെഹ്റൗളി പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിക്കായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

അതിലൊന്നിൽ കുട്ടിയെ സംശയാസ്പദമായി ഒരാൾക്കൊപ്പം കണ്ടു. അന്വേഷണത്തിൽ ഇയാൾ ഒരു ടാക്‌സി ഡ്രൈവറാണെന്ന് മനസിലാക്കിയ പോലീസ് ഒട്ടും വൈകാതെ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ആപ്പ് അധിഷ്ഠിത ക്യാബ് ഓടിക്കുന്ന 25 വയസ്സുള്ള ബബ്ലു എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. മെഹ്റൗളി മേഖലയിലെ സിഡിആർ ചൗക്കിന് സമീപമുള്ള നടപ്പാതയിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ അവളെ എടുത്തയിടത്തുതന്നെ ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ നീക്കം.

എന്നാൽ തിരികെ എത്തിയ പ്രതി പ്രദേശത്ത് പോലീസിനെ കണ്ടതോടെ വീണ്ടും കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ആ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാൽ കുട്ടി വിവരങ്ങൾ പുറത്തുപറയുമെന്നും താൻ പിടിക്കപ്പെടുമെന്നുമുള്ള ഭയത്തിൽ ഇയാൾ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ വനപ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമാക്കുന്നതിനായി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ സാധ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Content Highlights: 11-year-old girl abducted from Mehrauli footpath, Cab driver identified as the perpetrator, Victim sexually assaulted and strangled to death, Body recovered from Faridabad-Gurugram road, Accused arrested following CCTV evidence.