കോഴിക്കോട്ട് വഴിയേ നടന്നുപോയ 17-കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്ക്
അർഷാദ് ഹുസൈൻ, സജീർ
അർഷാദ് ഹുസൈൻ, സജീർ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപ്പൊയിൽ വീട്ടിൽ അർഷാദ് ഹുസൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയൽ ലക്ഷംവീട് കോളനിയിൽ സജീർ (26) എന്നിവരെ കസബ പോലീസ് അറസ്റ്റുചെയ്തു.

ഏപ്രിൽ 30-ന് രാത്രി പാളയത്തുനിന്ന്‌ പുഷ്പ ജങ്ഷനിലേക്ക് നടന്നുപോകുന്ന 17 വയസ്സുകാരനെ ജയലക്ഷ്മി സിൽക്സിന് എതിർവശത്തുള്ള പെട്രോൾ പമ്പിനുസമീപംവെച്ച് ബലംപ്രയോഗിച്ച് സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ കടമുറിയിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ചുകൊണ്ടുപോകുകയും ചെയ്തു. കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർചെയ്തത്. അർഷാദ് ഹുസൈനെ പൂനൂരിൽനിന്നും സജീറിനെ കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജി. ജിമ്മിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സി.‌പി.‌ഒ.മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.‌പി.‌ഒ. മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും പൊതുജനശല്യത്തിനുമായി ഒട്ടേറെ കേസുകൾ നിലവിലുണ്ട്.

അർഷാദ് ഹുസൈനിന് ഒട്ടേറെ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒഡിഷ പോലീസിന്റെ പിടിയിലായതിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.