മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു; അബദ്ധം സംഭവിച്ചതെന്ന് മറുപടി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: ANI
വി.ഡി. സതീശൻ | Photo: ANI

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽനിന്ന് നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമാക്കി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക മറുപടി നൽകി.

‘സിഎംഒ കേരള’ എന്ന ഔദ്യോഗിക പേജിൽനിന്നുള്ള രണ്ട് പോസ്റ്റുകളാണ് മെറ്റ നീക്കംചെയ്തിരുന്നത്. ആശാ പ്രവർത്തകർക്ക് ഉത്സവബത്ത 149 രൂപ വർധിപ്പിച്ചു നൽകുമെന്നറിയിച്ചുകൊണ്ടുള്ള ഓഗസ്റ്റ് 19-ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമായിരുന്നു ഇവ. കഴിഞ്ഞ ദിവസമായിരുന്നു മെറ്റ പോസ്റ്റുകൾ നീക്കിയത്.

പോസ്റ്റുകൾ നീക്കംചെയ്തതിന്റെ കാരണം വ്യക്തമാകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് മെറ്റയ്ക്കും കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനും കത്തുകൾ അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറാണ് കത്തയച്ചത്. പോസ്റ്റുകൾ തിരികെ പുനഃസ്ഥാപിക്കണമെന്നും നീക്കംചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ കത്തുകൾ.

ഇതിന് മറുപടിയായാണ് മെറ്റയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നും അതിനാൽ പോസ്റ്റുകൾ പുനഃസ്ഥാപിക്കുകയാണെന്നും വ്യക്തമാക്കിക്കൊണ്ട് മറുപടി ലഭിച്ചത്. ഇതോടെ നീക്കംചെയ്യപ്പെട്ട രണ്ട് പോസ്റ്റുകളും ഇപ്പോൾ 'സിഎംഒ കേരള' എന്ന പേജിൽ ലഭ്യമായിട്ടുണ്ട്.

Content Highlights: Meta restored the official Facebook posts of the Kerala Chief Minister's Office after mistakenly removing them, following an inquiry sent by the state government.