അർജന്റീന ടീം വിവാദം; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വെളിപ്പെടുത്താത്ത 6 അക്കൗണ്ട്, കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമെന്ന് എസ്.ഐ.ടി.

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാൻ സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമെന്ന് പ്രത്യേക അന്വേഷണ സംഘം. സർക്കാരിന് കൈമാറിയ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജി.എസ്.ടി. വകുപ്പിന് ആർ.ബി.സി. കൈമാറിയത് ഒരു എസ്.ബി.ഐ. അക്കൗണ്ടിലെ വിവരംമാത്രം. ഇതുകൂടാതെ ആറ് അക്കൗണ്ടുകൾ കൂടിയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏഴ് അക്കൗണ്ടുകളിലൂടെ ആയിരം കോടിയിലധികം രൂപയുടെ പണമിടപാട് നടന്നു.
സ്പോർട്സ് കൗൺസിൽ മുൻചെയർമാൻ യു. ഷറഫലിയുടെ കമ്പനിയായ നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി അയച്ചത് ഉൾപ്പെടെയുള്ള ഇത്തരം ഇടപാടുകളിൽ പലതിലും ദുരൂഹതയുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ടീമിനെ എത്തിക്കാൻ കൈമാറിയ 126 കോടിയും സ്റ്റേഡിയം നവീകരണവും അടക്കം 200 കോടി രൂപയ്ക്കടുത്തുള്ള ചെലവുകളാണ് കമ്പനി ജി.എസ്.ടി. വകുപ്പിനെ അറിയിച്ചത്. ഈ സമയത്ത് പല അക്കൗണ്ടുകളിൽനിന്നായി കോടികളുടെ മറ്റ് ഇടപാടുകൾ നടത്തുകയും ചെയ്തു.
നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയ തുകയുടെ പകുതിയിലേറെ ഷറഫലിയുടെയും ബന്ധപ്പെട്ട പലരുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഷറഫലിയുടെ മൂന്ന് അക്കൗണ്ടുകളിലേക്ക് 40 ലക്ഷം രൂപ മാറ്റി. ഭൂമിവാങ്ങാനും തുക ചെലവഴിച്ചു.
തന്റെ കമ്പനിയിൽ ആർ.ബി.സി. ഓഹരിയായാണ് പണം നിക്ഷേപിച്ചതെന്നാണ് കഴിഞ്ഞദിവസം ഷറഫലി പറഞ്ഞത്.
Content Highlights: A special investigation team has identified attempts to launder money by the Reporter Broadcasting Company, which sponsored bringing Lionel Messi and the Argentina football team to Kerala. The investigation revealed transactions exceeding a thousand crores through seven accounts, with suspicious activities involving Novus Soccer Academy, linked to former Sports Council Chairman U. Sharafali. Significant funds were transferred to personal accounts, including 40 lakhs to Sharafali's accounts, with claims of investments in RBC shares and expenditures on land purchases.