മെസ്സി വിവാദം: സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ; സ്രോതസ്സ് വെളിപ്പെടുത്താൻ GST നോട്ടീസ് നൽകും

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ സ്പോൺസർ ആൻ്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്  കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയെന്ന് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 200 കോടിയിലധികം രൂപയാണ് സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് നോട്ടീസ് നൽകും.

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽനിന്നായി ഈ പണം ബാങ്കിലെത്തിയത്. ഈ തുക അക്കൗണ്ടിൽ വന്നയുടൻ  മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം വായ്പയായി ലഭിച്ചതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ മത്സരവും സ്റ്റേഡിയം വികസനവും നടത്തുന്നത് സ്വന്തം പണം ഉപയോഗിച്ചാണെന്നും ആരുടെയും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു സ്പോൺസർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദങ്ങൾ പൊളിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Content Highlights: Special Investigation Team (SIT) appointed to probe the Messi controversy., Rs 200 crore found in sponsor Anto Augustine's bank accounts from two firms., GST department issued a notice to clarify the source of funds as loan claims lack proof.