ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ചെത്തി പോലീസ്; മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

മലപ്പുറം: മെഡിക്കല്‍ പി.ജി. സീറ്റുകളും നഴ്സിങ് -എന്‍ജിനിയറിങ് സീറ്റുകളും വാഗ്ദാനംചെയ്ത് കേരളത്തിലുടനീളം പലരില്‍നിന്നായി കോടികള്‍തട്ടിയ കേസില്‍ മാവേലിക്കര പള്ളിമൂട് മങ്കാക്കുഴി സജു മന്‍സിലില്‍ സജു ബിന്‍ സലീം എന്ന ഷംനാദ് ബിന്‍ സലീമിനെ (36) ജില്ലാ ക്രൈംബ്രാഞ്ച് ബെംഗളൂരുവില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു.
ഹെബ്ബാള്‍ താനിസാന്ദ്രയിലെ ഭാരതീയ സിറ്റിയില്‍ ആഡംബരഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ചാണ് കഴിഞ്ഞരാത്രി പോലീസ് ഇയാളെ പിടികൂടിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതി നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നു.
രാജസ്ഥാനില്‍ മെഡിക്കല്‍ പി.ജി.ക്ക് സീറ്റ് വാഗ്ദാനംചെയ്ത് മലപ്പുറം സ്വദേശിയായ ഒരു ഡോക്ടറില്‍നിന്ന് 70 ലക്ഷം വാങ്ങിയ കേസിലാണ് അറസ്റ്റ്. 32 ലക്ഷം രൂപ സജു തിരികെ കൊടുത്തിരുന്നു. ബാക്കി 38 ലക്ഷം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ആദ്യം വന്‍തുക വാങ്ങുകയും പിന്നീട് കുറച്ച് തിരികെ കൊടുത്ത് ബാക്കി ഒഴിവാക്കിയെടുക്കുകയുമായിരുന്നു സജുവിന്റെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു.
2017-ലാണ് ഇയാള്‍ മലപ്പുറം സ്വദേശിയില്‍നിന്ന് പലതവണയായി ബാങ്ക് മുഖേന പണം വാങ്ങിയത്. അതിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ കോഴിക്കോട് ടൗണ്‍, പത്തനംതിട്ട, പെരുമ്പാവൂര്‍, കൊട്ടാരക്കര, തിരുവല്ല, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കുറത്തിക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളിലും ബെംഗളൂരുവിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായി. കോഴിക്കോട് ടൗണിലെ കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു വിജയനഗര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം നാലുകേസുകളുണ്ട്.
2012-ലാണ് ഇയാള്‍ തട്ടിപ്പിലേക്ക് കടന്നത്. ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയും കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് സൂചിപ്പിച്ചു. പ്രതി പിടിയിലായ വിവരം വിവിധ സ്റ്റേഷനുകളില്‍ അറിയിച്ചിട്ടുണ്ട്.
ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചു. കുറെകാലമായി നിലച്ചിരുന്ന അന്വേഷണം ജില്ലാ പോലീസ് മേധാവി എം. സുജിത് ദാസ് പ്രത്യേക താത്പര്യമെടുത്ത് ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള സി. ബിനുകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.വി. ബിപിന്‍, കെ. സുഹൈല്‍, എം. അരുണ്‍ഷാ, അഷ്റഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പിടിയിലായിട്ടും ചില നാട്യങ്ങള്‍
മലപ്പുറം: കോടികള്‍തട്ടിയ കേസില്‍ അപ്രതീക്ഷിതമായി പിടിയിലായതിന്റെ യാതൊരു ഭാവഭേദവും സജു ബിന്‍ സലിം എന്ന ഷംനാദ് ബിന്‍ സലിമിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസ് തയ്യാറെടുപ്പ് നടത്തവേ പോലീസിനോട് ലോഹ്യംപറയാനും തമാശപറഞ്ഞ് പൊട്ടിച്ചിരിക്കാനും ശ്രമിച്ച് സജു നിന്നു, ഇതെത്ര കണ്ടിരിക്കുന്നുവെന്ന മട്ടില്‍. പോലീസ് പക്ഷേ, അകലം പാലിച്ചു.
കാഴ്ചയില്‍ സുമുഖന്‍. ക്ലീന്‍ഷേവും കണ്ണടയും സാമാന്യം തടിച്ച ദേഹപ്രകൃതവും. ഡോക്ടറെന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കില്ല. താമസിക്കുന്നത് ബെംഗളൂരുവില്‍ പണക്കാര്‍ തങ്ങുന്ന ഭാരതീയ സിറ്റിയിലെ ഫ്ളാറ്റില്‍. പ്രതിമാസ വാടക 40,000 രൂപ. പത്തുകൊല്ലം മുമ്പ് ഓണ്‍ലൈനില്‍ പരസ്യം കൊടുത്ത് പ്രൊഫഷണല്‍ സീറ്റ് തട്ടിപ്പുതുടങ്ങിയ സജുവിന്റെ ആദ്യപേര് ഷംനാദ് ബിന്‍ സലിം എന്നായിരുന്നു. പല കേസില്‍പ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ഗസറ്റില്‍ പരസ്യംനല്‍കി പേരുമാറ്റിയെന്ന് പോലീസ് പറയുന്നു.
ഒരു വര്‍ഷമായിട്ട് മലപ്പുറം പോലീസ് ഇയാളുടെ പിന്നാെലയുണ്ട്. ഒരു ഫോണും സ്ഥിരമായി ഉപയോഗിക്കാത്തതുകൊണ്ട് ഭാര്യയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ വെച്ചാണ് പോലീസ് പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ബെംഗളൂരുവില്‍ ഇയാള്‍ തങ്ങുന്ന ഫ്‌ളാറ്റ് കണ്ടെത്തിയ പോലീസ് പത്തുദിവസം അവിടെപ്പോയി തമ്പടിച്ചു. പക്ഷേ, കിട്ടിയില്ല. പോലീസ് സാന്നിധ്യം മണത്തറിഞ്ഞ് മുങ്ങി.
നിരാശപ്പെട്ട് മടങ്ങിയ പോലീസ് ശരിക്കും ഞെട്ടിയത് അതിന്റെ അടുത്ത ദിവസമാണ്; ഇയാള്‍ക്കെതിരായ കേസിനെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍. പോലീസ് മടങ്ങിയ പിന്നാലെ ഇയാള്‍ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുള്ള അഭിഭാഷകസംഘവും മറ്റ് ആളുകളും ഇയാളുടെ പക്കലുണ്ട്. കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിയതുകൊണ്ട് പോലീസിന്റെ തുടര്‍ നടപടിക്ക് തടസ്സമുണ്ടായില്ല.
തന്റെ താമസ സ്ഥലം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ സജു അടുത്ത ദിവസം താമസംമാറ്റി. അങ്ങനെയാണ് ഏറെ ഫ്‌ളാറ്റുസമുച്ചയങ്ങളുള്ള ഭാരതീയ സിറ്റിയിലേക്ക് മാറിയത്. ഇവിടെ ഒരാളെ കണ്ടെത്തല്‍ ഒട്ടും എളുപ്പമല്ല. പോലീസ് മഫ്തി വേഷത്തില്‍ വീണ്ടും പോയി. അഞ്ചുദിവസം തമ്പടിച്ച് ബെംഗളൂരു പോലീസിന്റെ സഹായത്തോടെ പുതിയ താമസ സ്ഥലം മനസ്സിലാക്കി. ഞായറാഴ്ച രാത്രി എല്ലാവരും ലോകകപ്പ് ഫൈനലില്‍ മുഴുകിയിരിക്കെ ഫ്‌ലാറ്റിന്റെ വാതിലില്‍ പോലീസ് മുട്ടി. ആ മുട്ടില്‍ത്തന്നെ അത് പോലീസാണെന്ന് തിരിച്ചറിഞ്ഞ സജു അകത്തുനിന്ന് ഹാന്റ് ലോക്കിട്ടു.
പലതവണ മുട്ടിയിട്ടും തുറക്കാതായപ്പോള്‍ ഫ്‌ളാറ്റിന്റെ ഉടമയെ പോലീസ് ബന്ധപ്പെട്ടു. പൂട്ട് പൊളിക്കാന്‍ പോകുകയാണെന്നറിയിച്ചു. ഉടമ എതിര്‍പ്പ് പറഞ്ഞില്ല. ഒരു വിദഗ്ധനെ കൊണ്ടുവന്ന് പൂട്ട് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ സജു അകത്ത് നിന്ന് വിളിച്ചുപറഞ്ഞു, ' പൊളിക്കണ്ട, ഞാന്‍ തന്നെ തുറക്കാം'. പോലീസ് വഴങ്ങിയില്ല. അവര്‍ പൊളിച്ചുതന്നെ അകത്തുകയറി കൈയോടെ പിടികൂടി. പിടിയിലകപ്പെട്ടതുമുതല്‍ സജു തികഞ്ഞ സഹകരണത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കുറ്റങ്ങളൊന്നും നിഷേധിച്ചില്ല, കൂടെപ്പോരാന്‍ വൈമനസ്യം കാട്ടിയതുമില്ല.
Content Highlights: medical engineering seat fraud case accused arrested from bengaluru by malappuram police