‘കുട്ടിയെ പരിചയാക്കി’; MDMA കേസിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസിനുനേരെ ആക്രമണം; പോലീസ് എത്തിയത് അധ്യാപികമാർ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട്

പേരാമ്പ്ര(കോഴിക്കോട്): കൂത്താളിയിൽ എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരേ ആക്രമണം. അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ പ്രധാന കണ്ണികളിൽ ഒരാളായ കൂത്താളിയിലെ ചെമ്പോടുംപൊയിൽ അനസിനെ (30) പിടികൂടാൻ പോലീസ് വീട്ടിലെത്തിയപ്പോൾ ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പരിക്കേറ്റ എട്ട് പോലീസുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
റൂറൽ എസ്.പി.യുടെ സ്‌പെഷൽ സ്‌ക്വാഡിലെ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ.മാരായ വി.ഐ. ഷാജി, സി.എം. സുനിൽ കുമാർ, എസ്.സി.പി.ഒ. ടി.കെ. ശോഭിത്ത്, സി.പി.ഒ.മാരായ അനൂപ്‌സൺ, മിഥുൻ മോഹൻ, ലിധിൻ, പേരാമ്പ്ര സ്റ്റേഷനിലെ സി.പി.ഒ. ലിസ്‌ന എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ പരിശോധനനടത്തി അനസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ അനസും വീട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ശോഭിത്തിന്റെ മുഖത്തും സുനിൽകുമാറിന്റെ കൈക്കും കമ്പിവടികൊണ്ട് അടിയേറ്റ് മുറിവുണ്ട്.
കുട്ടിയെ മുന്നിൽ പരിചപോലെ ഉയർത്തിപ്പിടിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ പേരാമ്പ്രയിൽനിന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് അനസിനെയും സഹോദരൻ ചെമ്പൊടുംപൊയിൽ ആസിഫിനെയും (32) കീഴടക്കി കസ്റ്റഡിയിലെടുത്തത്.
വധശ്രമത്തിനുൾപ്പെടെ കേസെടുത്ത ഇരുവരെയും പേരാമ്പ്ര കോടതി റിമാൻഡുചെയ്തു. എംഡിഎംഎ കേസിൽ പിന്നീട് ഇവരെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിൽ പങ്കാളികളായ കുടുംബാഗങ്ങൾക്കെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര എ.എസ്.പി. ആർതി യാദവ് പരിക്കേറ്റവരെ കണ്ട് വിവരങ്ങൾ തേടി.
എംഡിഎംഎ കേസിൽ നേരത്തേ അറസ്റ്റിലായ അധ്യാപിക കീർത്തനയും അനസുമായി ബാങ്ക് വഴിയുള്ള പണമിടപാട് നടന്നതിന്റെ രേഖകൾ പോലീസിന് ലഭിച്ചിരുന്നു. കീർത്തനയെ ഈ രംഗത്തേക്ക് എത്തിച്ചതിൽ അനസിന് പ്രധാന പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോണിൽ വീഡിയോ ചിത്രീകരിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. വീഡിയോ ഉപയോഗപ്പെടുത്തി സ്ത്രീകളെ മയക്കുമരുന്ന് വിപണനശൃംഖലയുടെ ഭാഗമാക്കിമാറ്റുന്നുവെന്നാണ് പോലീസ് നിഗമനം.
Content Highlights: Eight police officers injured during an operation to arrest MDMA accused Anas in Koothali, Perambra., The accused and his family attacked the police using an iron rod and used a child as a shield., Anas and his brother Asif were finally subdued by reinforcement police and remanded by the Perambra court., Police recovered bank transaction and video evidence linking Anas to earlier arrested teacher Keerthana in the drug network.