അനധികൃതമായി കെറ്റമിൻ നൽകി; ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണത്തിൽ കുറ്റമേൽക്കാൻ സമ്മതിച്ച് ഡോക്ടർ

ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് താരം മാത്യു പെറിയ്ക്ക് അനധികൃതമായി കെറ്റമിന്‍ എത്തിച്ചുനല്‍കിയെന്ന ആരോപണത്തിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് ഡോക്ടര്‍ ഡോ. സാല്‍വഡോര്‍ പ്ലാസെന്‍സിയ. അമിതമായി കെറ്റമിന്‍ ഉപയോഗിച്ചതാണ് നടന്റെ മരണത്തിലേക്ക് നയിച്ചത്. കെറ്റമിന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട നാല് കുറ്റങ്ങളില്‍ ഡോ. സാല്‍വഡോര്‍ പ്ലാസെന്‍സിയ കുറ്റം സമ്മതിക്കുന്നതായി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്റെ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരമാവധി 40 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സാല്‍വഡോര്‍ പ്ലാസെന്‍സിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് പേരില്‍ ഒരാളാണ് കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയില്‍ നിന്നുള്ള ഡോ. സാല്‍വഡോര്‍ പ്ലാസെന്‍സിയ. പെറിയുടെ മരണത്തിന് കാരണമായ കെറ്റമിന്‍ വിതരണം ചെയ്തത് മയക്കുമരുന്ന് വില്‍പ്പനക്കാരുടെയും വിതരണക്കാരുടെയും ഒരു രഹസ്യ ശൃംഖലയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
നടന്റെ മരണത്തിന് മുമ്പുള്ള ആഴ്ചകളില്‍ ഒരു മെഡിക്കല്‍ ഉദ്ദേശ്യവുമില്ലാതെ താന്‍ ആവര്‍ത്തിച്ച് കെറ്റമിന്‍ നല്‍കിയതായി സാല്‍വഡോര്‍ പ്ലാസെന്‍സിയ സമ്മതിച്ചു. കേസിലെ സഹപ്രതിയായ ഒരാള്‍ക്ക് അയച്ച സന്ദേശത്തില്‍ മാത്യു പെറിയെ പണത്തിനായി ചൂഷണം ചെയ്യാവുന്ന 'മണ്ടന്‍' എന്ന് പ്ലാസെന്‍സിയ വിളിച്ചുവെന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ പ്രവൃത്തി മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായിരുന്നുവെന്ന് ഡോക്ടര്‍ സമ്മതിച്ചു.
2023 ഒക്ടോബറിലാണ് നടന്‍ മാത്യു പെറിയെ ലോസ് ആഞ്ജലീസിലെ വീട്ടില്‍ ഹോട്ട് ടബ്ബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം അപകട മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വിഷാദരോഗത്തിന് കെറ്റമിന്‍ മരുന്ന് ഉപയോഗിച്ചിരുന്ന നടന്റെ മരണത്തില്‍ ആദ്യഘട്ടത്തിലൊന്നും സംശയമുണ്ടായില്ല. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമിതമായ അളവിലുള്ള കെറ്റമിന്‍ ഉപയോഗമാണ് മരണത്തിന് കാരണമായതെന്നും നടനെ മയക്കുമരുന്നിന് അടിമയാക്കിയതിന് പിന്നില്‍ അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്നും കണ്ടെത്തിയത്.
Content Highlights: Dr Salvador Plasencia to plead guilty to supplying Friends star Matthew Perry with ketamine